ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍

ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഡിജിപി റവാഡ ചന്ദ്രശേഖറിന് ദേശീയ വനിതാ കമ്മീഷന്‍ നിർദ്ദേശം നൽകി

ന്യൂഡല്‍ഹി: ഉസ്‌ബെക്കിസ്ഥാനില്‍ സഹപാഠിയുടെ ആക്രമണത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. സ്വമേധയാ ആണ് ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തത്. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാവശ്യപ്പെട്ട് കേരള ഡിജിപി റവാഡ ചന്ദ്രശേഖറിന് ദേശീയ വനിതാ കമ്മീഷന്‍ കത്തയച്ചു. ആക്രമണത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമത്തിനും ഇരയായെന്ന ആരോപണത്തില്‍ കമ്മീഷന്‍ അതീവ ആശങ്ക രേഖപ്പെടുത്തി.

ജൂലൈ മൂന്നിനായിരുന്നു ഉസ്‌ബെക്കിസ്ഥാനില്‍ ആലപ്പുഴ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ടത്. സഹപാഠിയായ സദറുല്‍ അനവ് സാവരിയയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ക്രൂരമായി പരിക്കേറ്റ സാവരിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. ഇതിന് പിന്നാലെ സദറുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

പ്രതി സദറുല്‍ അനവിനെതിരെ ഗുരുതര ആരോപണമായിരുന്നു സാവരിയയുടെ ബന്ധു ഉന്നയിച്ചത്. കാല് മുതല്‍ തലവരെ സാവരിയക്ക് സാരമായ പരിക്കേറ്റിരുന്നതായി ബന്ധു പറഞ്ഞിരുന്നു. സാവരിയയെ പ്രതി മതം മാറ്റാന്‍ നിര്‍ബന്ധിച്ചിരുന്നതായി സഹപാഠികള്‍ പറഞ്ഞ കാര്യവും ബന്ധു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ സാവരിയ അതിന് തയ്യാറായില്ലെന്നും അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് സഹപാഠികള്‍ക്കും അറിയില്ലെന്നും ബന്ധു പറഞ്ഞു. പ്രതിയെ പൊലീസ് സ്റ്റേഷനില്‍വെച്ച് കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അതിന് അനുവദിച്ചില്ല. പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കണം. അതിന് വേണ്ടിയാണ് കേരള പൊലീസില്‍ പരാതി നല്‍കിയതും റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടതുമെന്നും ബന്ധു പറഞ്ഞിരുന്നു.

സാവരിയയുടെ കൊലപാതകത്തില്‍ കൊലപാതകത്തില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സാവരിയയുടെ ഹരിപ്പാട്ടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടിരുന്നു. പ്രതിയെ വെറുതെ വിടില്ലെന്ന ഉറപ്പ് മന്ത്രി കുടുംബത്തിന് നല്‍കിയിരുന്നു.

Content Highlights-The National Commission for Women has taken suo motu cognizance of the murder of a Malayali student in Uzbekistan

To advertise here,contact us