ചെന്നൈ: തമിഴ്നാട്ടില്‍ ഇൻഡ്യ സഖ്യത്തിലെ ഭിന്നത രൂക്ഷമാകുന്നു. മുന്‍ സഖ്യകക്ഷിയായ വിസികെയുടെ ഫോണ്‍കോളുകള്‍ക്ക് മറുപടി നല്കാന് ഡിഎംകെ തയ്യാറായില്ല. ഇൻഡ്യ സഖ്യത്തില്‍ മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെയെയും എം കെ സ്റ്റാലിന്റെ ഡിഎംകെയെയും ഒപ്പം നിര്‍ത്തുക എന്നതായിരുന്നു വിസികെയുടെ ലക്ഷ്യം. കേരളത്തിലെയും പശ്ചിമ ബംഗാളിലെയും പോലെ സംസ്ഥാന രാഷ്ട്രീയത്തില്‍ എതിരാളികളായ പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ ബിജെപിക്കെതിരെ ഇൻഡ്യ സഖ്യത്തില്‍ ഒന്നിച്ച് നില്‍ക്കണമെന്ന നിര്‍ദേശം വിസികെ മേധാവി തോള് തിരുമാവലാവന് മുന്നോട്ടുവച്ചു. ഈ നിര്‍ദേശം കോണ്‍ഗ്രസ് അംഗീകരിച്ചു.
സംസ്ഥാന രാഷ്ട്രീയത്തിലെ വ്യത്യസ്ത നിലപാടുകളെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നത് ബിജെപിക്ക് എതിരെ ഒന്നിച്ച് നില്ക്കുക എന്നതാണെന്നും കോണ്‍ഗ്രസ് വാദിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശത്തെ പൂര്‍ണമായും തള്ളുന്ന നിലപാടാണ് ഡിഎംകെ സ്വീകരിച്ചത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒപ്പം നിന്ന് ചതിക്കുകയായിരുന്നുവെന്നും ഡിഎംകെ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ കൂട്ടുകെട്ട് പ്രാവര്‍ത്തികമാകില്ലെന്നും ഡിഎംകെ വ്യക്തമാക്കി.
മന്ത്രിസ്ഥാനം നേടാന്‍ വേണ്ടി കോണ്‍ഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഡിഎംകെയെ പിന്നില്‍ നിന്നും കുത്തി ടിവികെയ്ക്കൊപ്പം കൈകോര്‍ത്തു. ഇൻഡ്യ സഖ്യത്തിന്റെ വിശാലമായ താൽപര്യങ്ങളെ മുന്‍നിര്‍ത്തി നീങ്ങാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. എന്നിട്ടിപ്പോള്‍ ഡിഎംകെയെ സ്വാധീനിക്കാന്‍ വിസികെയെ ദൂതനായി അയയ്ക്കുന്നുവെന്ന് ഡിഎംകെ എംപി ഗണപതി പി രാജുകുമാര്‍ വിമര്‍ശിച്ചു. എന്‍ഡിടിവിയോടായിരുന്നു എംപിയുടെ പ്രതികരണം.
കേരളത്തിലെയും പശ്ചിമ ബംഗാളിലെയും രീതി തമിഴ്നാട്ടില്‍ പ്രാവര്‍ത്തികമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിവികെയെന്ന മൂന്നാം മുന്നണിയുടെ വരവോട് കൂടി തമിഴ്നാട്ടിലെ രാഷ്ട്രീയ അടിത്തറ തന്നെ മാറി. തമിഴ്നാട്ടില്‍ ഇപ്പോള്‍ അധികാരം നേടിയിരിക്കുന്നത് പുതിയ രാഷ്ട്രീയക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പാര്‍ലമെന്റില്‍ ഒരു എംപി പോലുമില്ലാത്ത ടിവികെയെ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാക്കേണ്ട കാര്യം എന്താണെന്നും ഗണപതി ചോദിക്കുന്നു.
അതേസമയം വിസികെയോട് ആദ്യം സഖ്യത്തിനായി മുഖ്യമന്ത്രി വിജയ്യെ അനുനയിപ്പിക്കാന്‍ ശ്രമിക്കൂവെന്നാണ് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്റെ പ്രതികരണം. ഡിഎംകെയെ രാഷ്ട്രീയ എതിരാളിയെന്ന് സ്ഥിരം പറയുന്ന മുഖ്യമന്ത്രിക്കൊപ്പം എങ്ങനെയാണ് തങ്ങള്‍ സഖ്യത്തിന്റെ ഭാഗമാകേണ്ടതെന്നും ഇളങ്കോവന് ചോദിച്ചിട്ടുണ്ട്.
Content Highlights: Differences within the INDIA alliance in Tamil Nadu are reportedly widening over political equations involving actor Vijay. Chief Minister M.K. Stalin and the DMK are not showing readiness to align with Vijay, leading to fresh political discussions