തൃണമൂല്‍ വിമത എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടിയില്‍ ലയിക്കും; പ്രഖ്യാപിച്ച് കാകോലി ഘോഷ് ദസ്തിദാര്‍

അതേസമയം വിമത എംപിമാർക്കെതിരെ തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവായ മദൻ മിത്രയും രംഗത്തെത്തി.

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ വിമതരായ 20 ലോക്‌സഭ എംപിമാര്‍ തൃപുരയില്‍ നിന്നുള്ള നാഷണലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടിയില്‍ ലയിക്കും. ബംഗാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്ര പ്രശസ്തമല്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയാണിത്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയെ സന്ദര്‍ശിച്ചതിന് ശേഷമാണ് ഇക്കാര്യം വിമത എംപിമാരെ നയിക്കുന്ന കാകോലി ഘോഷ് ദസ്തിദാര്‍ പ്രഖ്യാപിച്ചത്. പാര്‍ലമെന്റില്‍ പ്രത്യേക വിഭാഗമായി തങ്ങള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ എന്‍ഡിഎയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും'-കാകോലി ഘോഷ് ദസ്തിദാര്‍പറഞ്ഞു. പാര്‍ലമെന്റില്‍ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കാനിരിക്കേയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ 28എംപിമാരില്‍ 20പേരും പാര്‍ട്ടി വിട്ടത്. ഇത് പ്രതിപക്ഷത്തെ കൂടുതല്‍ ദുര്‍ബലമാക്കും.

നിയമപരമായ ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് വിമത എംഎല്‍എമാരുടെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. തൃണമൂല്‍ അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ ഏറ്റവും അടുത്ത അനുയായിയായ സുദീപ് ബന്ദോപാധ്യായയാണ് എംപിമാരില്‍ അവസാനം കൂറുമാറിയത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി പാര്‍ട്ടി വിടുന്ന ആദ്യ ദിനം തന്നെ അതേപാര്‍ട്ടിയുടെ പേര് ആവശ്യപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലായില്‍ ഞങ്ങള്‍ക്ക് തൃണമൂല്‍ എന്ന പേര് നല്‍കണമെന്ന് ആവശ്യപ്പെടും. ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കുമെന്നും സുദീപ് പറഞ്ഞു.

അതേസമയം വിമത എംപിമാർക്കെതിരെ തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവായ മദൻ മിത്രയും രംഗത്തെത്തി. "തൃണമൂലിന്റെ ചിഹ്നത്തില്‍ മത്സരിച്ച് ആളുകള്‍, മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ വാഗ്ദാനത്തില്‍ നിന്നും മാറിപ്പോയിരിക്കുന്നു. അതാണ് അവര്‍ കാണിച്ച ചതി"- എന്നാണ് മദന്‍ മിത്ര പ്രതികരിച്ചത്. തൃണമൂല്‍ ഈ വിഷയത്തില്‍ കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിന് അത് മമത തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Kakoli Dastidar announced that rebel Trinamool MPs will merge with the Nationalist Citizen Party

To advertise here,contact us