അദാനി ബന്ധത്തെ ചൊല്ലി ഇൻഡ്യ സഖ്യത്തിൻ്റെ യോഗത്തിൽ തർക്കം: നിലപാട് പറഞ്ഞ് രാഹുൽ ഗാന്ധിയും ജോൺ ബ്രിട്ടാസും

ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ വിമർശനമാണ് ചർച്ചകൾക്ക് വഴിവെച്ചത്

ന്യൂഡൽഹി: അദാനി ബന്ധത്തെ ചൊല്ലി ഇൻഡ്യ സഖ്യത്തിൻ്റെ യോ​ഗത്തിൽ തർക്കം. ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ വിമർശനമാണ് ചർച്ചകൾക്ക് വഴിവെച്ചത്. തൻ്റെ പരാമർശത്തിന് തെളിവുണ്ടെന്ന രാഹുൽ ​ഗാന്ധിയുടെ മറുപടിയാണ് അദാനി വിഷയത്തിലേയ്ക്ക് ചർച്ച എത്തിച്ചത്. ജോൺ ബ്രിട്ടാസ് തെളിവ് ചോദിച്ചപ്പോൾ അദാനിയെ കേരളത്തിൽ കൊണ്ടുവന്നത് ഇടതുപക്ഷമാണെന്ന രാഹുൽ ​ഗാന്ധിയുടെ നിലപാടാണ് തർക്കത്തിന് വഴി തെളിച്ചത്. അദാനിയുമായി കേരളത്തിൽ ആദ്യം കരാർ ഉണ്ടാക്കിയത് കോൺ​ഗ്രസ് ആണെന്ന് ബ്രിട്ടാസ് വ്യക്തമാക്കുകയായിരുന്നു.

കേരളത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഐഎം-ബിജെപി ഡീൽ ഉണ്ടെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിലുള്ള പ്രതിഷേധം ജോൺ ബ്രിട്ടാസ് യോ​ഗത്തിൽ ഉന്നയിച്ചിരുന്നു. കെ സി വേണു​ഗോപാൽ വരെയുള്ള നേതാക്കൾ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചാൽ പ്രശ്നമില്ലെന്നും എന്നാൽ രാഹുൽ ​ഗാന്ധിയും മല്ലികാർജ്ജുൻ ഖർ​ഗെയും പോലുള്ള നേതാക്കൾ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചാൽ ഇൻഡ‍്യ മുന്നണിയുടെ പ്രസക്തിയാണ് നഷ്ടമാകുന്നതെന്നും ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചിരുന്നു. രാഹുൽ ​ഗാന്ധിയുടെ ഡീൽ ആരോപണത്തെ സിപിഐയും വിമർശിച്ചിരുന്നു.

വിമർശനം ഉൾക്കൊള്ളുന്നു എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഡീൽ ആരോപണത്തിൽ സിപിഐഎമ്മുമായി ഉഭയകക്ഷി ചർച്ചയാകാമെന്ന് രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. ഇൻഡ്യ സഖ്യത്തിൻ്റെ യോഗത്തിന് ശേഷം സിപിഐഎമ്മുമായി ചർച്ചയാകാമെന്നും വൈകുന്നേരം വിഷയം ചർച്ച ചെയ്യാമെന്നും രാഹുൽ ഗാന്ധി ജോൺ ബ്രിട്ടാസ് എം പിയെ അറിയിക്കുകയായിരുന്നു. എന്നാൽ പാർട്ടി നേതൃത്വവുമായി ആലോചിച്ചതിന് ശേഷം ചർച്ചയാകാമെന്ന നിലപാട് ജോൺ ബ്രിട്ടാസ് രാഹുൽ ഗാന്ധിയെ അറിയിച്ചു. ഇൻഡ്യ മുന്നണി യോഗത്തിൽ സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എം പിയാണ് പങ്കെടുത്തത്.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കും പിണറായി വിജയനുമെതിരെ ഉയർത്തിയ ഡീൽ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കോൺ​ഗ്രസ് നേതൃത്വത്തിന് നേരത്തെ കത്ത് കൈമാറിയിരുന്നു. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിലാണ് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി കടുത്ത വിയോജിപ്പ് അറിയിച്ചത്. ഇൻഡ്യാ സഖ്യത്തിലെ മറ്റുകക്ഷികൾക്കും കത്തിന്റെ പകർപ്പ് കൈമാറിയിരുന്നു.

Content Highlights: Tensions erupt in the INDIA alliance meeting over alleged Adani connections. Rahul Gandhi and CPI(M) MP John Brittas present their positions amid growing differences within the opposition bloc. Latest political updates from the INDIA bloc discussions

To advertise here,contact us