ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനും മമതാ ബാനര്‍ജിക്കും തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. തൃണമൂല്‍ കോണ്‍ഗ്രസ് അസം സംസ്ഥാന അധ്യക്ഷന്‍ അഭിജിത് മജുംദാര്‍ രാജിവെച്ചു. മമതാ ബാനര്‍ജിക്ക് രാജിക്കത്ത് നല്കി. തൃണമൂല്‍ കോണ്‍ഗ്രസ് അസമിലെയും പശ്ചിമ ബംഗാളിലെയും മുസ്ലീങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് ആരോപിച്ചാണ് അഭിജിത് മജുംദാറിന്റെ രാജി.
'അസമില്‍ മുസ്ലീങ്ങള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന എന്ന തരത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ മാറി. പശ്ചിമബംഗാളിലും അതുതന്നെയാണ് സ്ഥിതി. ഈ സാഹചര്യത്തില്‍ എനിക്ക് ഇനി തുടരാന്‍ കഴിയില്ല' എന്നാണ് അഭിജിത് മജുംദാര്‍ രാജിക്കത്തില്‍ പറയുന്നത്. നേരത്തെ മുതിര്‍ന്ന ടിഎംസി നേതാവും രാജ്യസഭാ എംപിയുമായ ശന്തനു സെന്‍ പാര്‍ട്ടി ദേശീയ വക്താവ് സ്ഥാനം രാജിവെച്ചിരുന്നു. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും ആര്‍ജി കാര്‍ ബലാത്സംഗക്കൊല കേസ് കൈകാര്യം ചെയ്തതിലെ പരാജയവുമാണ് രാജിവയ്ക്കാന്‍ കാരണമായി ശന്തനു സെന്‍ പറഞ്ഞത്.
ടിഎംസി എംപി കകോലി ഘോഷ് ദസ്തിദാറും പാര്‍ട്ടി മഹിളാ കോണ്‍ഗ്രസ് മേധാവി സ്ഥാനം രാജിവെച്ചിരുന്നു. ടിഎംസി എംപി കല്യാണ്‍ ബാനര്‍ജി തന്നെ അധിക്ഷേപിച്ചപ്പോള്‍ പാര്‍ട്ടി കൂടെ നിന്നില്ല എന്ന് ആരോപിച്ചായിരുന്നു കകോലിയുടെ രാജി. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പശ്ചിമബംഗാളില്‍ വിവിധ നഗരസഭകളില്‍ നിന്നായി നൂറിലധികം കൗണ്‍സിലര്‍മാരും രാജിവെച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 293 സീറ്റില്‍ 207 സീറ്റുകളും നേടിയാണ് ബിജെപി അധികാരം പിടിച്ചത്. സുവേന്ദു അധികാരിയാണ് നിലവില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി.
Content Highlights: Assam TMC chief resigns as Trinamool Congress loses ground