'മാതൃത്വം അയോഗ്യതയല്ല'; ഏഷ്യൻ ഗെയിംസ് ട്രയൽസിൽ വിനേഷ് ഫോഗട്ടിന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഡൽഹി ഹൈക്കോടതി

വിനേഷിനെ ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുപ്പിക്കണമെന്നും മാതൃത്വം അയോഗ്യതയല്ലെന്നും കോടതി പറഞ്ഞു

ന്യൂഡല്‍ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് മത്സരിക്കാന്‍ സാധ്യത തെളിയുന്നു. ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുത്തുന്നതില്‍ നിന്ന് വിലക്കിയ റെസ്‌ലിങ് ഫെഡറേഷനെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. മത്സരത്തില്‍ നിന്ന് വിലക്കിയത് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു. വിനേഷിനെ ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുപ്പിക്കണമെന്നും മാതൃത്വം അയോഗ്യതയല്ലെന്നും കോടതി പറഞ്ഞു. ഏഷ്യന്‍ ഗെയിംഗ് സെലക്ഷന്‍ ട്രയല്‍സില്‍ വിനേഷ് ഫോഗട്ട് പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി കര്‍ശന നിര്‍ദേശം നല്‍കി. മെയ് 18-ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ച് ഗുസ്തി ഫെഡറേഷന്റെ നിലപാടിനെ ചോദ്യംചെയ്തത്.

ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ ഏഷ്യന്‍ ഗെയിംസ് സെലക്ഷന്‍ ട്രയലിന് പുതിയ യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചതാണ് വിനേഷ് ഫോഗട്ടിന് തിരിച്ചടിയായത്. പുതിയ നിയമങ്ങള്‍ പ്രകാരം 2025-നും 2026-ലും തെരഞ്ഞെടുക്കപ്പെട്ട ടൂര്‍ണമെന്റുകളില്‍ നിന്ന് മെഡല്‍ നേടിയവര്‍ക്ക് മാത്രമേ ട്രയലുകളില്‍ മത്സരിക്കാന്‍ യോഗ്യതയുണ്ടാവൂ. 2024-ലെ പാരീസ് ഒളിമ്പിക്‌സിന് ശേഷം ഒരു പ്രൊഫഷണല്‍ ടൂര്‍ണമെന്റിലും വിനേഷ് പങ്കെടുത്തിരുന്നില്ല. ഇതോടെ താരത്തിന് മത്സരിക്കാനാകില്ലെന്ന സ്ഥിതിയായി. തുടര്‍ന്ന് വിനേഷ് കോടതിയെ സമീപിക്കുകയായിരുന്നു.

'അവര്‍ 2025 ജൂലൈയില്‍ അമ്മയായി. ഇപ്പോള്‍ 2026 മെയ് ആണ്. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായ ഗുസ്തി താരമാണ് അവര്‍. നിങ്ങള്‍ അവര്‍ക്കായി മാനദണ്ഡങ്ങള്‍ മാറ്റിയെന്ന് എന്തുകൊണ്ട് അനുമാനിച്ചുകൂടാ? വ്യക്തിപരമായ തര്‍ക്കങ്ങളും വൈരാഗ്യങ്ങളും ഉണ്ടെങ്കില്‍ അത് കായികരംഗത്തിന് എന്തിന് ദോഷം വരുത്തണം? മാതൃത്വം രാജ്യത്ത് ആഘോഷിക്കപ്പെടുന്ന ഒന്നാണ്. അത് ഒരാള്‍ക്ക് ദോഷമുളളതായി മാറണോ? എന്നാണ് കോടതി വാക്കാല്‍ ചോദിച്ചത്.

വിനേഷ് ഫോഗട്ടിന് ഗുസ്തി ഫെഡറേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതോടെയാണ് വിവാദത്തിന്റെ ആരംഭം. പാരിസ് ഒളിമ്പിക്‌സില്‍ ഫൈനലിലെത്തിയ വിനേഷ് ഭാരക്കൂടുതല്‍ കാരണം അയോഗ്യയാക്കപ്പെട്ടതിനും ഉത്തേജകവിരുദ്ധ നടപടികള്‍ പാലിക്കാത്തതിനും ഫെഡറേഷന്‍ വിശദീകരണം തേടിയിരുന്നു. വിനേഷിന് 2026 ജൂണ്‍ വരെ മത്സരത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ഗുസ്തി ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഹരിയാനയില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ കൂടിയാണ് വിനേഷ് ഫോഗട്ട്. 2028 ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് മത്സരരംഗത്തേക്ക് തിരിച്ചുവരികയാണെന്ന് വിനേഷ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിരമിച്ച താരങ്ങള്‍ തിരിച്ചുവരുമ്പോള്‍ ഉത്തേജക മരുന്ന് പരിശോധനയും മറ്റും പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ നോട്ടീസ് സമയമുണ്ട്. അത് പൂര്‍ത്തിയാക്കാതെ മത്സരിക്കാനാകില്ലെന്നായിരുന്നു ഗുസ്തി ഫെഡറേഷന്റെ പക്ഷം. ഇതിനെതിരെയാണ് വിനേഷ് കോടതിയെ സമീപിച്ചത്.

Content Highlights: Motherhood is not a disqualification; Delhi High Court orders on Vinesh Phogat Plea

To advertise here,contact us