ലക്നൗ: രാവിലെ പത്തു മണിയാകുമ്പോഴേക്കും ചൂട് താങ്ങാനാകാതെ കുഴഞ്ഞു പോകുകയാണ് ഉത്തര്‍പ്രദേശിലെ ബാന്ദയിലെ ജനങ്ങള്‍. ദിവസം കഴിയും തോറും ചൂട് കൂടി വരുന്നതിനാല്‍ മുമ്പ് രാജസ്ഥാനിലെ ജയ്സാല്‍മീറും ചൂരും വഹിച്ചിരുന്ന അസഹനീയമായ ചൂട് അനുഭവപ്പെടുന്ന ഇടമെന്ന പദവി ഇപ്പോള്‍ ബാന്ദ സ്വന്തമാക്കിയിരിക്കുകയാണ്. ബാന്ദയിലെ നിലവിലെ താപനില 48 ഡിഗ്രി സെല്‍ഷ്യസ് കടന്നിരിക്കുകയാണ്. അതിനാൽ തന്നെ രാവിലെ പത്തുമണിയാകുമ്പോഴേക്കും ജില്ലയിലെ വഴിയോരങ്ങളും നഗരങ്ങളുമെല്ലാം വിജനമാകും.
രാവിലെ 10മണിയാകുമ്പോഴേക്കും ചൂടിന്റെ തീവ്ര കൂടുന്നതിനാല്‍ രാവിലെ ആറു മണിക്ക് തന്നെ എല്ലാ ജോലികളും ആരംഭിക്കുമെന്നാണ് അട്ടാര നഗരത്തിലെ സ്വര്ണപ്പണിക്കാരന് ലഖന്‍ ഗുപ്ത പറയുന്നത്. ഒന്നോ രണ്ടോ പേരെ അപൂർവമായി പുറത്തു കണ്ടാലായി. രാവിലെ പത്തുമണി ആകുമ്പോഴേക്കും വഴിയോരങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടാകും. കടകള്‍ തുറന്നിരുന്നാലും വൈകുന്നേരമാകാതെ ആരും വരില്ലെന്നും അദ്ദേഹം പറയുന്നു.
ഈ വര്‍ഷം ഏപ്രില്‍ 27ന് 47.6ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ബാന്ദയിൽ രേഖപ്പെടുത്തിയത്. 1951ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ നിലയാണിത്, 2022 ഏപ്രില്‍ 30നും 2026 ഏപ്രില്‍ 25നും രേഖപ്പെടുത്തിയ 47.4ഡിഗ്രി സെല്‍ഷ്യസിനെയാണ് മറികടന്നത്. കഴിഞ്ഞ ദിവസം (ചൊവ്വാഴ്ച) ബാന്ദയില്‍ രേഖപ്പെടുത്തിയ താപനില 48.2ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഇതോടെ പുതിയ റെക്കോര്‍ഡാണ് പിറന്നത്. കാലാവസ്ഥ മൂലമുണ്ടാകുന്ന പ്രതിസന്ധി എന്നതിന് ഉപരിയായി, പ്രാദേശികമായ ആവാസവ്യവസ്ഥയുടെ നശീകരണമാണ് ബാന്ദയിലെ ചൂട് കുതിച്ചുയരാന്‍ കാരണം. പ്രകൃതിദത്തമായ വ്യവസ്ഥകളെല്ലാം ഭൂരിഭാഗവും നശിപ്പിക്കപ്പെട്ട നിലയിലാണ്.
പകല്‍ നേരങ്ങളില്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ എല്‍ഇഡി ഫ്ളഡ് ലൈറ്റിന്റെ വെളിച്ചതില്‍ പണിയെടുക്കേണ്ട ഗതികേടിലായി. പത്തു മണിക്കും അഞ്ച് മണിക്കും ഇടയില്‍ പണിയെടുക്കുന്നതിന് പകരം കൂലിയില്‍ 40ശതമാനം കുറയ്ക്കാന്‍ ജോലിക്കാര്‍ തയ്യാറാവുന്ന സ്ഥിതിയാണുള്ളത്. ആളുകളുടെ പ്രദേശത്ത് നിന്ന് പലായനം ചെയ്യുന്നതും കൂടിയിട്ടുണ്ട്. ഭക്ഷണശാലകളെല്ലാം സൂര്യാസ്തമയത്തിന് ശേഷം സജീവമാകുന്ന അവസ്ഥയിലേക്ക് മാറി. അമിതമായ ചൂട് താങ്ങാന്‍ കഴിയാതെയും അമിതമായ പ്രവര്‍ത്തനം മൂലവും ട്രാന്‍സ്ഫോമറുകള്‍ പണമുടക്കാന്‍ തുടങ്ങിയതോടെ വൈദ്യുതി വകുപ്പ് നിരന്തരം ഇവയില്‍ വെള്ളമൊഴിക്കുന്നത് പതിവായിരിക്കുകയാണ്.
ഖനനവും വനപ്രദേശങ്ങള്‍ കൃഷിക്കായി കൈയ്യേറിയതും തിരിച്ചടിയായി. മണല്‍ ഖനനത്തില്‍ നദികള്‍ പറ്റുന്ന അവസ്ഥ, ഭൂഗര്‍ഭജലം സമാഹരിക്കപ്പെടുന്നില്ല, വനനശീകരണ മൂലം ഈര്‍പ്പം നിലനില്ക്കുന്നില്ല തുടങ്ങി പല കാരണങ്ങളും പരിസ്ഥിതി സംരക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിന്ധ്യന് മലനിരകളും 25ശതമാനത്തോളം നശിപ്പിക്കപ്പെട്ട് കഴിഞ്ഞു.
Content Highlights: A district in India has introduced an early shutdown policy as extreme heat conditions continue to worsen.