'അട്ട - സാട്ട' വിവാഹരീതി മനുഷ്യത്വ രഹിതം; ചരിത്രവിധിയുമായി രാജസ്ഥാന്‍ ഹൈക്കോടതി

'അട്ട - സാട്ട' എന്ന പേരില്‍ അറിയപ്പെടുന്ന ആചാരം നിയമപരമായും ധാര്‍മികപരമായും നിലനില്‍ക്കാത്തതാണെന്നും ഹൈക്കോടതി

ജോധ്പൂര്‍: രാജസ്ഥാനില്‍ നിലനില്‍ക്കുന്ന പരമ്പരാഗതമായുള്ള കൈമാറ്റ വിവാഹ സമ്പ്രദായവുമായി ബന്ധപ്പെട്ട് ചരിത്രവിധി പുറപ്പെടുവിച്ച് രാജസ്ഥാന്‍ ഹൈക്കോടതി. 'അട്ട - സാട്ട' എന്ന പേരില്‍ അറിയപ്പെടുന്ന ആചാരം നിയമപരമായും ധാര്‍മികപരമായും നിലനില്‍ക്കാത്തതാണ്. മനുഷ്യജീവനുകളെ കരുക്കളാക്കിയുള്ള ക്രൂരമായ ബാര്‍ട്ടര്‍ സമ്പ്രദായമാണിതെന്നും കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടികള്‍ പോലും ഇതിന് ഇരയാകുന്ന സാഹചര്യമാണ് ഉള്ളത്. കുടുംബങ്ങള്‍ തമ്മില്‍ പെണ്‍മക്കളെ പരസ്പരം കൈമാറുന്ന ഈ രീതിയെ 'വിവാഹ ബന്ദിയാക്കല്‍' എന്നാണ് കോടതി വിശേഷിപ്പിച്ചത്.

2016 മാര്‍ച്ചില്‍ 'ആട്ട - സാട്ട' സമ്പ്രദായപ്രകാരം വിവാഹം നടന്ന യുവതിക്ക് വിവാഹമോചനം അനുവദിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. ബിക്കാനില്‍ സ്വദേശിയായ യുവതിക്കാണ് ജസ്റ്റിസുമാരായ അരുണ്‍ മോംഗ, സുനില്‍ ബെനിവാള്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് വിവാഹമോചനം അനുവദിച്ച് ചരിത്രവിധി പറഞ്ഞത്. യുവതിയുടെ വിവാഹം നടന്ന അന്ന് തന്നെ അവരുടെ സഹോദരനും ഭർത്താവിന്‍റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയും തമ്മിലുള്ള വിവാഹം നടന്നു. പ്രായപൂര്‍ത്തിയായപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരി അവരുടെ ബാലവിവാഹത്തെ നിരസിച്ചു.

പിന്നാലെ ഭര്‍തൃവീട്ടുകാര്‍ പ്രതികാരമെന്നോണം യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ആരംഭിച്ചു. 2020ല്‍ യുവതിയെയും കുഞ്ഞിനെയും വീട്ടിൽ നിന്നും ഇറക്കിവിടുകയും ചെയ്തു. തുടർന്ന് യുവതി നല്‍കിയ പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

എന്നാൽ യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്, ഭര്‍ത്താവിന്റെ സഹോദരിയുടെ നിലപാട് മൂലം അവരുടെ കുടുംബത്തെ സമ്മര്‍ദത്തിലാക്കാനാണെന്ന് ചൂണ്ടിക്കാട്ടി കുടുംബക്കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്.

സമാധാനത്തോടെ ജീവിക്കാന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശ പോലും ആവശ്യമില്ലെന്ന് യുവതി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Content Highlights: The Rajasthan High Court issued a significant ruling describing the traditional Atta Satta marriage practice as inhuman. The court expressed concern over the impact of the custom on human dignity and individual rights

To advertise here,contact us