റീ പോൾ നടക്കാനിരിക്കെ സ്ഥാനാര്‍ത്ഥി പിന്മാറി; തൃണമൂൽ കോൺഗ്രസിന് തിരിച്ചടി

വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് കണ്ടതിനെ തുടര്‍ന്നാണ് ഫാല്‍റ്റ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്

കൊല്‍ക്കത്ത: റീ പോൾ നടക്കാനിരിക്കെ പശ്ചിമബംഗാളിലെ ഫാല്‍റ്റ നിയമസഭ മണ്ഡത്തിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജഹാംഗീര്‍ ഖാന്‍ പിന്മാറി. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടല്ല ഖാന്‍ പിന്മാറിയതെന്നാണ് ടിഎംസിയുടെ പ്രതികരണം. സ്ഥാനാര്‍ത്ഥിയുടെ പിന്മാറ്റം സ്വന്തം ഇഷ്ടപ്രകാരമാണെന്നും പാര്‍ട്ടി വിശദീകരിക്കുന്നു. വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് കണ്ടതിനെ തുടര്‍ന്നാണ് ഫാല്‍റ്റ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.

'2026നിയമസഭ തെരഞ്ഞെടുപ്പില്‍ നിന്നും ഞാന്‍ പിന്മാറി. മുഖ്യമന്ത്രിയുടെ പ്രത്യേക പാക്കേജിന് പിന്നാലെയുള്ള ഈ തീരുമാനം ഫാല്‍റ്റയുടെ വികസനത്തിനും പൊതുനന്മയ്ക്കും വേണ്ടിയാണ്. ഫാല്‍റ്റയുടെ പുരോഗതിയില്‍ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ജയ് ഹിന്ദ്, ജയ് ഫാല്‍റ്റ'- ഖാന്‍ എക്‌സില്‍ കുറിച്ചു. പിന്നാലെ നടന്ന വാര്‍ത്തസമ്മേളനത്തില്‍ പിന്മാറ്റം ഖാന്‍ പ്രഖ്യാപിച്ചു.

ഫാല്‍റ്റയില്‍ കൂടുതല്‍ വികസനം വേണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രഖ്യാപനം. ഫാല്‍റ്റയുടെ സുവര്‍ണകാലമാണ് തന്റെ സ്വപ്നം. ഫാല്‍റ്റ സമാധാനമുള്ളയിടമായി നില്‍ക്കണം. ഫാല്‍റ്റയുടെ വികസനത്തിനായി മുഖ്യമന്ത്രി പ്രത്യേക പാക്കേജ് നല്‍കുകയാണ്. അതിനാല്‍ മെയ് 21 നടക്കുന്ന റീപോളിങില്‍ നിന്നും പിന്‍വാങ്ങുന്നുവെന്ന് മാധ്യമങ്ങളോട് ജഹാംഗീര്‍ ഖാന്‍ പറഞ്ഞു.

പശ്ചിം മഗ്രാഹട്ട്, ഡയമണ്ട് ഹാര്‍ബര്‍ നിയമസഭ മണ്ഡലങ്ങളിലെ 15 ബൂത്തുകളിലെ റീപോളിങ് നടത്തിയിരുന്നു. അതേസമയം ഫാല്‍റ്റയിലെ 285 പോളിങ് ബൂത്തുകളില്‍ മെയ് 21നാണ് റീപോളിങ് നിശ്ചയിച്ചിരുന്നത്.

Content Highlights: A TMC candidate withdrew from the contest ahead of repolling in West Bengal, creating a political setback for Mamata Banerjee and the party

To advertise here,contact us