തമിഴ്നാട് വിജയ് തൂക്കും: ടിവികെ അധികാരം പിടിച്ചേക്കുമെന്ന് എൻഡിടിവി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം

മറ്റ് ചില സർവ്വേകള്‍ വിജയ് പോലും വിജയിക്കില്ലെന്നും പ്രവചിക്കുന്നുണ്ട്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയുടെ തമിഴക വെട്രി കഴകം (ടിവികെ) അട്ടിമറി വിജയം നേടുമെന്ന് എൻഡിടിവി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. കന്നി പോരാട്ടത്തിനിറങ്ങിയ വിജയിയുടെ പാർട്ടി 234 അംഗ നിയമസഭയിൽ 98 മുതൽ 120 സീറ്റുകൾ വരെ നേടി ഏറ്റവും വലിയ ശക്തിയാകുമെന്നാണ് പ്രവചനം. പ്രവചനം യാഥാർത്ഥ്യമായാൽ ഭരണകക്ഷിയായ ഡിഎംകെയെയും സഖ്യകക്ഷികളെയും അപ്രസക്തമാക്കി ബോക്സ് ഓഫീസ് മാത്രമല്ല തമിഴ്‌നാട് രാഷ്ട്രീയത്തലും പുതിയൊരു വിജയ് യുഗത്തിന് തുടക്കമാകും.

അതേസമയം ടിവികെയ്ക്ക് വിജയം പ്രഖ്യാപിച്ച ഏക എക്സിറ്റ് പോളും എൻഡിടിവി-ആക്സിസ് മൈ ഇന്ത്യ മാത്രമാണ് എന്നതാണ് ശ്രദ്ധേയം. മറ്റ് ചില സർവ്വേകള്‍ വിജയ് പോലും വിജയിക്കില്ലെന്നും പ്രവചിക്കുന്നുണ്ട്. 98 സീറ്റുകൾ നേടിയാൽ പോലും ഒരു പുതിയ പാർട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ നേട്ടമായി ഇത് മാറും.

അതേസമയം, മറ്റ് ഏജൻസികളുടെ സർവ്വേ ഫലങ്ങളിൽ ഡിഎംകെ സഖ്യത്തിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. പീപ്പിൾസ് പൾസ് ഡിഎംകെ സഖ്യത്തിന് 125 മുതൽ 145 സീറ്റുകൾ വരെയും, എഐഎഡിഎംകെ സഖ്യത്തിന് 65 മുതൽ 80 സീറ്റുകൾ വരെയും പ്രവചിക്കുന്നു. പീപ്പിൾസ് ഇൻസൈറ്റ് നൽകുന്ന കണക്കുകൾ പ്രകാരം ഡിഎംകെ സഖ്യം 120-140 സീറ്റുകളും എഐഎഡിഎംകെ 60-70 സീറ്റുകളും നേടിയേക്കാം. പ്രജാ പോൾ സർവ്വേ പ്രകാരം ഡിഎംകെ സഖ്യം 148 മുതൽ 168 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്തുമെന്നാണ് സൂചന. പ്രജാ പോൾ വിജയിയുടെ പാർട്ടിക്ക് 1 മുതൽ 9 സീറ്റുകൾ വരെ മാത്രമേ സാധ്യത കൽപ്പിക്കുന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്.

തമിഴ്നാട്ടില്‍ വലിയ ജനപങ്കാളിത്തമാണ് തിരഞ്ഞെടുപ്പിൽ ദൃശ്യമായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 82.24 ശതമാനം വോട്ടുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. എല്ലാ ജില്ലകളിലും മികച്ച പോളിംഗ് രേഖപ്പെടുത്തിയത് വരാനിരിക്കുന്ന വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായാണ് കരുതപ്പെടുന്നത്. എൻഡിടിവി-ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനങ്ങൾ ശരിയായാൽ തമിഴ്‌നാടിന്റെ ദ്രാവിഡ രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു മാറ്റത്തിനാകും വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച സാക്ഷ്യം വഹിക്കുക.

അതേസമയം, കേരളത്തില്‍ യുഡിഎഫ് ഭരണത്തിലെത്തുമെന്നാണ് പുറത്ത് വന്ന എല്ലാ സർവ്വേകളും പ്രവചിക്കുന്നത്. 140 നിയമസഭാ സീറ്റില്‍ യുഡിഎഫ് 70 മുതല്‍ 80 വരെ സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് CNN-News18 എക്‌സിറ്റ് പോള്‍ പ്രവചനം. എല്‍ഡിഎഫ് 58 മുതല്‍ 68 വരെ സീറ്റ് നേടുമെന്നും ബിജെപിക്ക് നാല് വരെ സീറ്റ് നേടുമെന്നും CNN-News18 പ്രവചിക്കുന്നു.

യുഡിഎഫ് 78 മുതല്‍ 90 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ പ്രവചനം. എല്‍ഡിഎഫിന് 49 മുതല്‍ 62 സീറ്റുകളാണ് ഇന്ത്യാ ടുഡേ Axis My India പ്രവചനം. ബിജെപി മൂന്ന് വരെ സീറ്റുകള്‍ നേടുമെന്നും Axis My India പ്രവചിക്കുന്നു.

എന്‍ഡിടിവിയുടെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫ് ട്രെന്‍ഡ് പ്രവചിക്കുന്നു. 75 മുതല്‍ 85 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കുമെന്നാണ് എന്‍ഡിടിവി എക്സിറ്റ് പോള്‍ പ്രചവിക്കുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 65 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. ബിജെപിയ്ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും പ്രവചിക്കുന്നു.

Content Highlights: The NDTV–Axis My India exit poll projects that actor Vijay’s party, TVK, could come to power in Tamil Nadu. The survey indicates a possible shift in voter preference, with the party emerging as a strong contender in the state’s political landscape.

To advertise here,contact us