കോഴിക്കോട്: ബെംഗളുരു - മൈസൂർ ഹൈവേയ്ക്ക് സമീപം ചന്നപ്പേട്ടയിൽ സ്വകാര്യബസ് അപകടത്തിൽപ്പെട്ട് നാല് മലയാളികൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ ആയിരുന്നു സംഭവം. കൊയിലാണ്ടി സ്വദേശി 22കാരനായ മുഹമ്മദ് ഫർഹാൻ, മാഹി സ്വദേശിയായ 27കാരൻ സക്കീർ, 45വയസുള്ള റാഫീസ്, റഷീദ് എന്നിവരാണ് മരിച്ചത്. മറ്റ് യാത്രക്കാർക്ക് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. 32 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
ഹൈവേയുടെ ഇരുമ്പ് വേലിയിലേക്ക് സ്ലീപ്പർ ബസ് ഇടിച്ചുകയറിയാണ് അപകടം നടന്നതെന്നാണ് ചന്നപ്പേട്ട പൊലീസ് പറയുന്നത്. കോഴിക്കോട് നിന്നും ബെംഗളുരുവിലേക്ക് പോയതാണ് ബസ്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായി നശിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
പികെ ട്രാവൽസ് എന്ന ട്രാവൽ ഏജൻസിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 4.30ഓടെയാണ് അപകട വിവരം തങ്ങൾ അറിഞ്ഞതെന്നും മരിച്ചവരാരും ടിക്കറ്റ് രജിസ്ട്രി പട്ടികയിൽ ഉള്ളവരല്ലെന്നുമാണ് ഏജൻസിയുടെ പ്രതികരണം.
Content highlights: Four Malayalis were killed in a private bus accident near Channapatna on the Bengaluru-Mysuru highway