ഇന്ത്യന്‍ ഫോട്ടോജേണലിസത്തിന്റെ പിതാവിന് വിട ; രഘുറായ് അന്തരിച്ചു

ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്

ന്യൂഡൽഹി : പ്രശസ്ത ഫോട്ടോ​ഗ്രാഫർ രഘു റായ്(83) അന്തരിച്ചു. സമൂഹ മാധ്യമത്തിലൂടെ അദ്ദേ​ഹത്തിന്റെ കുടുംബമാണ് മരണവിവരം പങ്കുവെച്ചത്. ഇന്ത്യൻ ഫോട്ടോഗ്രഫിയിലെയും ഫോട്ടോ ജേണലിസത്തിലെയും അതികായനാണ് രഘു റായ്. ഭോപ്പാൽ ദുരന്തത്തിന്റെ മുഖചിത്രങ്ങളിലൊന്നായ കണ്ണുകൾ പാതി തുറന്ന പിഞ്ചു ബാലന്റെ മൃതദേഹത്തിന്റെ ചിത്രം രഘു റായിയുടെ ക്യാമറ കണ്ണുകളിലൂടെയാണ് ലോകം കണ്ടത്.

ഇന്ധിരാഗന്ധി മുതലുള്ള ഇന്ത്യയുടെ ഭരണാധികാരികളുടെ അത്യപൂർവമായ ചിത്രങ്ങളുടെ ശേഖരം രഘു റായുടെ പക്കലുണ്ട്. മദർ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറെന്ന പേരും രഘു റായ് നേടി. മദർ തെരേസയെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് എത്രയോ മുമ്പുതന്നെ 'സെയ്ന്റ് മദർ' എന്ന പേരിൽ പുസ്തകം രഘുറായി പുറത്തിറക്കിയിരുന്നു.

പഞ്ചാബിലെ ജംഗിൽ ആണ് രഘു റായ് ജനിച്ചത്. ഇപ്പോൾ പാകിസ്താന്റെ ഭാഗമാണ് ഈ സ്ഥലം. രഘുനാഥ് റായ് ചൗധരി എന്നാണ് മുഴുവൻ പേര്. 1962ൽ ഫോട്ടോഗ്രാഫി പ്രൊഫഷനായി എടുത്തു. സ്റ്റേറ്റ്‌സ്മാനിലാണ് ആദ്യം ജോലി ചെയ്തത്. 18ലധികം പുസ്തകങ്ങൾ രചിച്ചു. ടൈം, ലൈഫ്, ജിയോ, ന്യൂയോർക്ക് ടൈംസ്, സൺഡെ ടൈംസ്, ന്യൂസ് വീക്ക്, ദി ഇൻഡിപ്പെൻഡന്റ്, ന്യൂയോർക്കർ എന്നിവയിലുൾപ്പെടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭോപ്പാൽ വാതക ദുരന്തം കവർ ചെയ്തു. ഇതെക്കുറിച്ച് പിന്നീട് പുസ്തകവും ഡോക്യുമെന്ററിയും തയ്യാറാക്കി. പുസ്തകത്തിന്റെ പേര്: 'എക്‌സ്‌പോഷർ, എ കോർപറേറ്റ് ക്രൈം.' ലോക പ്രസ് ഫോട്ടോ ജൂറിയായി മൂന്നു തവണയും യുനെസ്‌കോയുടെ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിന്റെ ജൂറിയായി രണ്ടു തവണയും പ്രവർത്തിച്ചു. ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫർ എസ് പോൾ ആണ് സഹോദരൻ. ലോകപ്രശസ്ത ഫോട്ടോഗ്രാഫർമാരുടെ അന്താരാഷ്ട്രസഹകരണ കൂട്ടായ്മയായ മാഗ്നം ഫോട്ടോസിലെ അംഗം കൂടിയാണ് രഘു റായ്. എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവർത്തകയുമായ ​ഗുർമീത് റായ് ആണ് ഭാര്യ. നിതിൻ, ആവണി, പുർവൈ എന്നിവർ മക്കളാണ്. സംസ്കാരം ലോധി റോഡ് ശ്മശാനത്തിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.

Content Highlight : Renowned photographer and photojournalist Raghu Rai (83) has passed away. He died early Sunday morning at a private hospital in Delhi after a prolonged illness.

To advertise here,contact us