ന്യൂഡല്‍ഹി: വനിതാ ബില്‍ പാസാകാത്തതില്‍ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ മേഖലകളിലും വനിതാ പങ്കാളിത്തമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആ ബില്ലിന്റെ ഭ്രൂണഹത്യയാണ് പ്രതിപക്ഷം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഔദ്യോഗിക അഭിസംബോധനയിലാണ് പ്രതിപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ട് മോദി പ്രസംഗിച്ചതെന്നതും ശ്രദ്ധേയമാണ്.
ഇതിഹാസം രചിക്കാനും സ്ത്രീകൾക്ക് ഒപ്പം നിൽക്കാനുള്ള അവസരം കോൺഗ്രസ് നഷ്ടപ്പെടുത്തി. കോൺഗ്രസിൻ്റെ മുഖംമൂടി അഴിഞ്ഞുവീണു. പ്രാദേശിക പാർട്ടികൾ വളരാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. സ്ത്രീകൾ ശക്തി പ്രാപിച്ചാൽ കുടുംബ പാർട്ടികൾ അപകടത്തിലാകും. സ്ത്രീകൾ മുൻ നിരയിലേക്ക് വരും. ഇതുകൊണ്ട് അവർ വനിതാ സംവരണത്തെ എതിർത്തു. പഞ്ചായത്തുകളിൽ സ്ത്രീകൾ അവരുടെ കഴിവ് തെളിയിച്ചു. ലോക്സഭയിലും നിയമസഭകളിലും അതിനുള്ള അവസരം ഉണ്ടാക്കാനാണ് ശ്രമിച്ചത്. കുടുംബാധിപത്യ പാർട്ടികൾക്ക് സ്ത്രീശക്തിയെ പേടിയാണ്. വനിതാ സംവരണം എതിര്‍ത്ത പാപത്തിന് പ്രതിപക്ഷത്തിന് ശിക്ഷ ലഭിക്കും. കോൺഗ്രസ് രാജ്യത്തിൻ്റെ പുരോഗതിക്ക് തടസം നിൽക്കുകയാണെന്നും മോദി ആഞ്ഞടിച്ചു.
'കുടുംബാധിപത്യ പാര്‍ട്ടികള്‍ക്ക് സ്ത്രീശക്തിയെ പേടിയാണ്. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമായിരുന്നു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് സീറ്റ് വര്‍ധിക്കുമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ കൊള്ളയടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഡിഎംകെയ്ക്ക് കൂടുതല്‍ തമിഴരെ പാര്‍ലമെന്റിലേക്ക് കൊണ്ടുവരാമായിരുന്നു. ടിഎംസിക്കും ഇതേ അവസരം ഉണ്ടായിരുന്നു. യുപിയിലെ ജനങ്ങള്‍ സമാജ്വാദി പാർട്ടിയോട് പൊറുക്കില്ല. നവീകരണ വിരുദ്ധ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാ നല്ലകാര്യങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഈ വൃത്തികെട്ട രീതി രാഷ്ട്രം മനസ്സിലാക്കി. സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് അവർ സ്ത്രീകളുടെ അവകാശങ്ങൾ കൊള്ളയടിച്ചു. ബില്ലിന്റെ പൂർണമായ ക്രെഡിറ്റ് പ്രതിപക്ഷത്തിന് നൽകാം എന്ന് ഞാൻ പറഞ്ഞു. എന്നിട്ടും പ്രതിപക്ഷം എതിർത്തു', മോദി പറഞ്ഞു.
ബില്ലിന് സഭയിൽ 66 ശതമാനം ഭൂരിപക്ഷം ലഭിച്ചില്ല. എന്നാൽ രാജ്യത്തെ 100 ശതമാനം വനിതകളുടെ ആശിർവാദം ഉണ്ടെന്നും തോറ്റുവന്ന് വിചാരിക്കരുതെന്നും മോദി പറഞ്ഞു. പ്രയത്നം അവസാനിച്ചിട്ടില്ല. വനിതകളെ അംഗീകരിക്കാനുള്ള ശ്രമം തുടരും. തടയാന്‍ ആര്‍ക്കും ആവില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: narendra modi's message to women shreds Opposition for quota bill defeat