വനിതാ സംവരണ ഭേദഗതി ബില്ലിൽ അമിത് ഷായുടെ മറുപടി ഉടൻ; വോട്ടെടുപ്പ് വൈകിട്ട് 7ന്

ഇരുബില്ലുകളുമായി ബന്ധപ്പെട്ട് സർക്കാരിനുള്ള നിലപാടുകൾ എന്താണെന്ന് അമിത് ഷാ സഭയെ അറിയിക്കും

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിന്മേലും മണ്ഡല പുനർനിർണയ ബില്ലിൻമേലും ലോക്‌സഭയിൽ നടന്ന ചർച്ചകൾക്ക് ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് വൈകിട്ട് ആറ് മണിക്ക് മറുപടി നൽകും. ഇരുബില്ലുകളുമായി ബന്ധപ്പെട്ട് സർക്കാരിനുള്ള നിലപാടുകൾ എന്താണെന്ന് അമിത് ഷാ സഭയെ അറിയിക്കും.

ബില്ലുകൾക്ക് മേലുള്ള ചർച്ചയിൽ വനിതകളുടെ ഉന്നമനത്തിനായുള്ള നടപടികളോ നിർദേശങ്ങളോ അല്ല കേന്ദ്രം മുന്നോട്ടുവച്ചതെന്നും രാജ്യത്തിന്റ രാഷ്ട്രീയ ഭൂപടത്തെ തന്നെ മാറ്റിവരയ്ക്കാനാണ് ശ്രമമെന്നുമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുറന്നടിച്ചത്. വൈകിട്ട് ഏഴ് മണിയോടെ ബില്ലുകൾ വോട്ടിനിട്ടേക്കുമെന്നാണ് റിപ്പോർട്ട്.

വനിതാ സംവരണ നിയമം നടപ്പാക്കുന്നതും ഡീലിമിറ്റേഷൻ കമ്മിഷൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൾ ഇന്ന് വോട്ടിനിടുമെന്നാണ് വിവരം. ബില്ലുകളിൽ പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ വേണമെന്നതാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. മണ്ഡലപുനർനിർണയത്തിലൂടെ ലോക്‌സഭയിലെ അംഗസംഖ്യ കൂടുന്നതിനൊപ്പം വനിതാ സംവരണ ബില്ലും നടപ്പാക്കിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറിയില്ലെന്നാണ് അമിത് ഷാ വ്യാഴാഴ്ച സഭയെ അറിയിച്ചത്. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണം 129നിന്നും 195 ആകുമെന്നും ഇത് 23.76 ശതമാനത്തിൽ നിന്നും 23.87 ശതമാനമായാണ് ഉയരുന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

വോട്ടെടുപ്പിന് മുന്നോടിയായി നിർണായകമായ പല നീക്കങ്ങളും തലസ്ഥാനത്ത് നടക്കുന്നുണ്ട്. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അമിത്ഷാ ലോക്‌സഭ സ്പീക്കർ ഓം ബിർളയുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബില്ലുകൾ പാസാവാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇരുസഭകളിലും ഇല്ലാത്തതിനാൽ ഇവ വോട്ടെടുപ്പിൽ പരാജയപ്പെടാനാണ് സാധ്യത.

Content Highlights: Amit Shah is set to address the Lok Sabha shortly regarding the Women’s Reservation Amendment Bill

To advertise here,contact us