'വനിതകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള അവസരം, എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ല'; പ്രധാനമന്ത്രി

2029ലെങ്കിലും വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാകാൻ എല്ലാവരും സഹകരിക്കണമെന്നും മോദി പറഞ്ഞു

ന്യൂഡൽഹി: രാജ്യത്തിന്റെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിതെന്ന് വനിത സംവരണ ബില്ലിൽ ലോക്‌സഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകവേ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ പറഞ്ഞു. ഈ അവസരം കളയരുതെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രീയവും ദിശയും ഇത് മാറ്റിമറിയ്ക്കും. രാജ്യത്തിന്റെ വികസനയാത്രയിലെ സുപ്രധാന നിമിഷമാകും വനിതാ സംവരണ ബിൽ പാസാക്കുന്നത്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് ബില്ലിനെ പലരും എതിർക്കുന്നത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ബില്ലിനെ എതിർക്കുന്നവർക്ക് രാജ്യത്തെ സ്ത്രീകൾ മാപ്പ് നൽകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരുമിച്ച് നിന്നാൽ ഇതിഹാസം രചിക്കാമെന്ന് എംപിമാരാട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് ഒരു പാർട്ടിയുടെ മാത്രം രാഷ്ട്രീയ ലാഭത്തിന് ഇടയാക്കില്ല. പഞ്ചായത്തിൽ സംവരണം അനുവദിച്ചവർ ലോക്‌സഭയിൽ ഇത് അനുവദിക്കാത്തത് വിരോധാഭാസമാണ്. സ്വന്തം സ്ഥാനം പോകുമെന്ന ഭയമാണ് ചിലരെ നയിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതി പിന്നാക്ക വിഭാഗത്തിലുള്ള താൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ ശക്തികൊണ്ടാണ്. അതിനാൽ വനിതകൾക്ക് സംവരണം ലഭിക്കാനായി എംപിമാരോട് അപേക്ഷിക്കാനാണ് വന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.

എംപിമാരുടെ ഉദ്ദേശശുദ്ധി രാജ്യത്തെ സ്ത്രീകൾ നിരീക്ഷിക്കുന്നുണ്ട്. 2024ൽ ഇത് നടപ്പിലാക്കാൻ സമയം ഉണ്ടായിരുന്നില്ല. 2029ലെങ്കിലും വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാകാൻ എല്ലാവരും സഹകരിക്കണമെന്നും മോദി പറഞ്ഞു. എല്ലാ മേഖലകളിലുള്ള സ്ത്രീകളുടെ മികവിനെയും നമ്മൾ അംഗീകരിക്കണം. രാജ്യത്തെ ഒറ്റക്കെട്ടായി കാണുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. വിഘടിത കാഴ്ചപ്പാടോടെ രാജ്യത്തെ കാണുന്നവർ ബില്ലിനെതിരെ കള്ളപ്രചാരണം നടത്തുകയാണ്. ലോക്‌സഭയിൽ സംസ്ഥാനങ്ങളുടെ അനുപാതം ഇതേ രീതിയിൽ തുടരുമെന്നും പ്രധാനമന്ത്രി മറുപടി പ്രസംഗത്തിൽ ഉറപ്പുനൽകി.

Content Highlights: Narendra Modi stated that the country’s women will not forgive those opposing the Women’s Reservation Bill

To advertise here,contact us