ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പുകഴ്ത്തിയുള്ള കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. കെ സുധാകരന് ചില കാരണങ്ങളിൽ കണക്ക് തീർക്കാനുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം കളം നിറഞ്ഞ് ആടുന്നതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കെ സി വേണുഗോപാലിന് ആവാമെങ്കിൽ കെ സുധാകരനും ആകാമെന്ന് അനുയായികളെ കൊണ്ട് പറയിക്കാൻ ഉള്ള നീക്കമാണ് സുധാകരൻ നടത്തുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു.
കോൺഗ്രസിൻ്റെ നെടുംതൂണായ കെ സി വേണുഗോപാലിനെ ദേശീയ നേതൃത്വത്തിന് നഷ്ടമാവില്ലെന്നും ഇതിന് ആവശ്യമായ കാര്യങ്ങൾ കേരളത്തിലെ ജനങ്ങൾ ചെയ്തിട്ടുണ്ടെന്നും ജോൺ ബ്രിട്ടാസ് പരിഹസിച്ചു. മേയ് 4 വരെ സ്വപ്നം കാണാൻ അവർക്ക് അവകാശമുണ്ടെന്നും കഴിഞ്ഞ തവണ നടത്തിയ പൊറാട്ട് നാടകം ഇത്തവണയും അവർ ആവർത്തിക്കുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു. കോൺഗ്രസിന് താങ്ങും തണലുമായി കെ സി വേണുഗോപാൽ ഡൽഹിയിൽ പ്രവർത്തിക്കണമെന്നും ജോൺ ബ്രിട്ടാസ് പറയുകയുണ്ടായി.
ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആക്കി ഉയര്ത്തി വനിതാ സംവരണം നടപ്പിലാക്കാനുളള ഭരണഘടനാ ഭേദഗതി ബില്നെതിരെയും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. ഉത്തരേന്ത്യക്ക് 200 എംപിമാരെ കിട്ടുമ്പോൾ ദക്ഷിണേന്ത്യക്ക് 60 അംഗങ്ങളെ മാത്രമാണ് ലഭിക്കുന്നതെന്നും ലോക്സഭ ഉത്തരേന്ത്യയുടെ കൈകളിൽ എത്തിക്കാൻ ഉള്ള നീക്കമാണ് വനിതാ സംവരണം കൊണ്ട് നടപ്പിലാക്കാൻ പോകുന്നതെന്നും ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു.
അംഗ സംഖ്യ കൂടിയാൽ സഭ പ്രവർത്തനക്ഷമം ആവില്ലെന്നും 850 പേരുള്ള ലോക്സഭ എങ്ങനെ പ്രവർത്തിക്കുമെന്നും ബ്രിട്ടാസ് ചോദിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അവഗണിക്കപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയതിൻ്റെ പേരിൽ ശിക്ഷിക്കപ്പെടരുതെന്നും അദേഹം പറഞ്ഞു. ജനസംഖ്യയ്ക്ക് അനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടിയാൽ ഭാവിയിൽ സ്റ്റേഡിയത്തിൽ വെച്ച് പാർലമെൻ്റ് ചേരുമോ എന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.
അതുപോലെ തന്നെ ദക്ഷിണേന്ത്യ സാമ്പത്തിക കാര്യത്തിൽ ഉത്തരേന്ത്യയുടെ കോളനി ആയി മാറിയെന്നും ഇപ്പോൾ രാഷ്ട്രീയ മേഖലയിലും ദക്ഷിണേന്ത്യയെ കോളനി ആക്കാൻ ഉള്ള നീക്കമാണ് നടക്കുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു. ഈസ്റ്റ് ഇന്ത്യ കമ്പനി കാലത്തെ ഇന്ത്യയുടെ അവസ്ഥയാണ് ദക്ഷിണേന്ത്യക്ക് വരാൻ പോകുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.
Content Highlights: Rajya Sabha MP John Brittas mocks K Sudhakaran's Facebook post praising KC Venugopal