അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ ആരോപണത്തിൽ പവൻ ഖേരയ്ക്ക് തിരിച്ചടി; ഇടക്കാല മുൻകൂർ ജാമ്യത്തിന് സ്‌റ്റേ

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികി ഭുയാന്‍ ശര്‍മയ്ക്ക് മൂന്ന് പാസ്‌പോര്‍ട്ടുകള്‍ ഉണ്ടെന്നായിരുന്നു പവന്‍ ഖേര ആരോപിച്ചത്

ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് തിരിച്ചടി. പവന്‍ ഖേരയുടെ ഒരാഴ്ച്ചത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. അസം സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി. തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവാണ് സ്‌റ്റേ ചെയ്തത്. പവന്‍ ഖേരയ്ക്ക് സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യ റിനികി ഭുയാന്‍ ശര്‍മയ്ക്ക് മൂന്ന് പാസ്‌പോര്‍ട്ടുകള്‍ ഉണ്ടെന്നായിരുന്നു പവന്‍ ഖേര ആരോപിച്ചത്.

ഇതിനെതിരെ റിനികി അസം പൊലീസില്‍ മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് അസം പൊലീസ് പവന്‍ ഖേരയ്‌ക്കെതിരെ കേസെടുത്തു. ഇതോടെ അദ്ദേഹം തെലങ്കാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഒരാഴ്ച്ചത്തേക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയുമായിരുന്നു. തന്റെ ഭാര്യവീട് തെലങ്കാനയില്‍ ആയതിനാലാണ് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചതെന്നാണ് പവന്‍ ഖേര പറഞ്ഞത്.

തുടര്‍ന്ന് പവന്‍ ഖേരയുടെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അസം സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. റിനികി ഭുയാന്‍ ശര്‍മ്മയ്ക്ക് രണ്ട് മുസ്ലിം രാഷ്ട്രങ്ങളുടേത് ഉള്‍പ്പെടെ മൂന്ന് പാസ്‌പോര്‍ട്ടുകള്‍ ഉണ്ടെന്നായിരുന്നു പവന്‍ ഖേരയുടെ ആരോപണം. എന്നാല്‍ വ്യാജ രേഖകള്‍ കാണിച്ചാണ് രേഖയുടെ ആരോപണമെന്നും പാകിസ്താനിലെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ നല്‍കിയ രേഖയാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതെന്നുമാണ് ഹിമന്ത ബിശ്വ ശര്‍മ വാദിച്ചത്.

Content Highlights: Pawan Khera gets a setback in allegations against Assam CM's wife; interim anticipatory bail stayed

To advertise here,contact us