ചെന്നൈ: മണ്ഡല പുനർനിർണയത്തിൽ തമിഴ്നാടിനെ കേട്ടില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മണ്ഡല പുനർനിർണയ നീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ നാളെ കരിങ്കൊടി പ്രതിഷേധം നടത്താനും സ്റ്റാലിൻ ആഹ്വാനം ചെയ്തു. എല്ലാ വീട്ടിലും കരിങ്കൊടി ഉയർത്താനാണ് സ്റ്റാലിൻ്റെ ആഹ്വാനം. പൊതു ഇടങ്ങളിലും കരിങ്കൊടി ഉയർത്തണമെന്ന് ഡിഎംകെ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎംകെ എംപിമാർ നാളെ പാർലമെന്റിൽ കറുത്ത വസ്ത്രം ധരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബിജെപി തീ കൊണ്ട് കളിക്കുകയാണ്. ദക്ഷിണേന്ത്യ കോപം കൊണ്ട് തിളക്കുകയാണ്. ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയതിന് ദക്ഷിണേന്ത്യയെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ നാളെ പാർലമെന്റിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡല പുനർനിർണ്ണയ ഭേദഗതി ബിൽ തമിഴ്നാടിനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും മേൽ ചുമത്തിയ "ചരിത്രപരമായ വലിയ അനീതിണെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ സ്റ്റാലിൻ കുറ്റപ്പെടുത്തി.
തമിഴ്നാടിന്റെ ശബ്ദം കേൾക്കാൻ വിസമ്മതിക്കുകയും പിൻവാങ്ങുകയും ചെയ്താൽ കേന്ദ്ര സർക്കാർ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും അതിന് കനത്ത വില നൽകേണ്ടിവരുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. ഡിഎംകെ പ്രസിഡന്റ് എന്ന നിലയിലും എല്ലാറ്റിനുമുപരി ഒരു ആത്മാഭിമാനമുള്ള തമിഴൻ എന്ന നിലയിലും ഞാൻ വീണ്ടും മുന്നറിയിപ്പ് നൽകുന്നുവെന്ന് പറഞ്ഞാണ് സ്റ്റാലിൻ എക്സ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
ഇതിനിടെ മണ്ഡല പുനർനിർണ്ണയ ഭേദഗതി ബില്ലിൽ നിലപാട് സ്വീകരിക്കുന്നതിന് ഡിഎംകെ എംപിമാരുമായും എം കെ സ്റ്റാലിൻ കൂടിക്കാഴ്ച നടത്തി. ഡിഎംകെ എംപിമാരുമായി കൂടിയാലോചിച്ച്, എല്ലാ സംസ്ഥാനങ്ങളിലെയും പാർലമെന്റ് അംഗങ്ങളുമായി ഞങ്ങൾ ബന്ധപ്പെടുകയും ഈ ഗുരുതരമായ അപകടത്തെ നേരിടാൻ ഒരു ഏകോപിത തന്ത്രം ആവിഷ്കരിക്കുകയും ചെയ്യുന്നു എന്നും സ്റ്റാലിൻ്റെ മറ്റൊരു എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പാർട്ടികളെയോ വ്യക്തികളെയോ കുറിച്ചല്ല. ഇത് നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്. നമ്മുടെ ജനാധിപത്യം സംരക്ഷിക്കാൻ ഇന്ത്യയിലുടനീളമുള്ള എല്ലാ പാർട്ടികളോടും എംപിമാരോടും ഒന്നിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു എന്നും സ്റ്റാലിൻ കുറിച്ചിട്ടുണ്ട്.
Content Highlights: Tamil Nadu Chief Minister MK Stalin has urged people to hoist black flags across the state tomorrow in protest against the Centre's proposed delimitation amendment, terming it a "historic injustice" to southern states. The DMK president warned of massive agitation if the exercise reduces Tamil Nadu's political representation.