ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഭാര്യയും മകളും.
ഭാര്യ മുത്തുലക്ഷ്മി 'തമിഴഗ വാഴ്വുരിമൈ കക്ഷി'ക്ക് വേണ്ടി കൃഷ്ണഗിരിയില്‍ നിന്നാണ് മത്സരിക്കുക. മേട്ടൂര്‍ നിയമസഭാ മണ്ഡലത്തില്‍ നാം തമിഴര്‍ കക്ഷി(എന്‍ടികെ) സ്ഥാനാര്‍ത്ഥിയായാണ് മകള്‍ വിദ്യാറാണി മത്സരിക്കുന്നത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാം തമിഴര്‍ കക്ഷി സ്ഥാനാര്‍ഥിയായി കൃഷ്ണഗിരിയില്‍ മത്സരിച്ച വിദ്യാറാണിക്ക് ഒരുലക്ഷത്തില്പരം വോട്ടുകള്‍ ലഭിച്ചിരുന്നു. പട്ടാളി മക്കള്‍ കച്ചി (പിഎംകെ)യിലൂടെയാണ് വിദ്യാറാണി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. തമിഴ്നാട്ടിലെ നിരവധി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വണ്ണിയര്‍ വിഭാഗത്തില്‍ നിന്ന് ഗണ്യമായ പിന്തുണ ലഭിച്ചിരുന്നു. 2020 ല്‍ ബിജെപിയില്‍ ചേര്‍ന്ന അവര്‍ 2024 ല്‍ എന്ടികെയിലേക്ക് മാറി.
തന്റെ അച്ഛന് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, അദ്ദേഹവും ജനാധിപത്യ പ്രക്രിയയിലേക്ക് പ്രവേശിക്കുമായിരുന്നുവെന്ന് വിദ്യാറാണി പറഞ്ഞു. 'അദ്ദേഹം കുറ്റവാളിയായിരുന്നില്ല. ചൂഷണത്തിനും അനീതിക്കും എതിരെ അദ്ദേഹം നിലകൊണ്ടു,' മേട്ടൂരില്‍ നടന്ന ഒരു റാലിയില്‍ വിദ്യാറാണി പറഞ്ഞു.
2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന മുത്തുലക്ഷ്മിയെ സംബന്ധിച്ചിടത്തോളം ഇത് രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ്.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീരപ്പനെ പിന്തുണച്ച് എന്‍ടികെ മേധാവി സീമാന്‍ രംഗത്തെത്തി. 'പ്രഭാകരന് (എല്‍ടിടിഇ മേധാവി) നമ്മുടെ വംശത്തിന്റെ സംരക്ഷകനായിരുന്നുവെങ്കില്, വീരപ്പന് നമ്മുടെ വനങ്ങളുടെ സംരക്ഷകനായിരുന്നു', എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Content Highlights: Veerappan’s family enters electoral politics in Tamil Nadu