അമരാവതി: ആന്ധ്രാ പ്രദേശ് പൊതുഗതാഗത വകുപ്പിന്റെ വിജയവാഡയിലുള്ള 4.15ഏക്കർ ഭൂമി ലുലു ഗ്രൂപ്പിന് ഷോപ്പിങ് മാൾ പദ്ധതിക്കായി അനുവദിച്ച തീരുമാനം പിൻവലിച്ച് ചന്ദ്രബാബു നായിഡു സർക്കാർ. ടിഡിപി നയിക്കുന്ന എൻഡിഎ സർക്കാർ കഴിഞ്ഞ വർഷം ജൂലായിലാണ് ഗവർണർപേട്ടിലെ പഴയ ആർടിസി ബസ് സ്റ്റാൻഡിലെ സ്ഥലം വിട്ടുനൽകിയത്. 2.23ലക്ഷം ചതുരശ്ര അടിയിൽ വമ്പൻ ഷോപ്പിങ് മാൾ നിർമിക്കാനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിട്ടത്. സംഭവം പ്രതിപക്ഷം വൻ വിവാദമാക്കിയിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശത്തെ തുടർന്ന് വൈഎസ്ആർസിപി നേതാക്കൾ സമ്മർദം ചെലുത്തിയതിന്റെ ഭാഗമായാണ് സർക്കാരിന് തീരുമാനം പിൻവലിക്കേണ്ടി വന്നതെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. സർക്കാരിന്റെ ഭൂമി സ്വകാര്യ കമ്പനിക്ക് തീറെഴുതി കൊടുക്കുന്ന നിലപാടാണ് ഭരണപക്ഷം സ്വീകരിച്ചതെന്നാണ് വിമർശനം. കോടികൾ വില വരുന്ന ഭൂമി ചുളുവിലയ്ക്കാണ് വിട്ടുനൽകിയതെന്നും ആരോപണമുണ്ട്. ഇതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജികളെയും പ്രതിപക്ഷം പിന്തുണച്ചിരുന്നു.
ഏപ്രിൽ 9ന് ഭൂമി തിരിച്ചെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഉടൻ തന്നെ മുൻ ഉത്തരവ് പിൻവലിച്ചുള്ള നോട്ടീസ് പുറത്തിറക്കുമെന്നും അഡ്വ ജനറൽ ദമ്മാലപട്ടി ശ്രീനിവാസ് വ്യക്തമാക്കിയിരുന്നു. പൊതു സ്വത്തുക്കൾ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക് കുറഞ്ഞ വിലയിൽ കൈമാറ്റം ചെയ്യുകയാണെന്ന പ്രതിപക്ഷ വാദത്തിനെതിരെ സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ആന്ധ്രയുടെ വികസനം മെച്ചപ്പെടുത്താനുമാണ് ഭൂമി വിട്ടുനൽകിയതെന്നാണ് സർക്കാർ വാദം. ഭൂമി വിട്ടുനൽകാനുള്ള തീരുമാനം പിൻവലിച്ചെങ്കിലും ഭാവിയിൽ കൂടുതൽ സുതാര്യമായി കൈമാറ്റം നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
Content Highlights: The Andhra Pradesh government has reversed its decision to allot APSRTC land to the Lulu Group