അജിത് പവാറിന് ആദരം; ബാരാമതിയിലെ സ്ഥാനാർത്ഥിയെ പിൻവലിച്ച് കോൺഗ്രസ്; സുനേത്ര പവാർ എതിരില്ലാതെ സഭയിലേക്ക്

രമേശ് ചെന്നിത്തലയുമായും സുനേത്ര പവാർ സംസാരിച്ചു

മുംബൈ: ബാരാമതിയിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തീരുമാനിച്ച് കോൺഗ്രസ്. അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിനോടുള്ള ആദരസൂചകമായി തങ്ങളുടെ സ്ഥാനാർത്ഥിയെ കോൺഗ്രസ് പിൻവലിച്ചു. ഇതോടെ നിലവിലെ ഉപമുഖ്യമന്ത്രിയും അജിത് പവാറിന്റെ ഭാര്യയുമായ സുനേത്ര പവാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും എന്നുറപ്പായി.

ബാരാമതി ഉപതെരഞ്ഞെടുപ്പിൽ ആകാശ് മോറെയെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി നിർത്തിയത്. എന്നാൽ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്ന് ആകാശ് മോറെ സ്ഥാനാർത്ഥിത്വം പിൻവലിച്ചു. പാർട്ടി നിർദേശപ്രകാരമാണ് സ്ഥാനാർത്ഥിത്വം പിൻവലിച്ചത്.

സുനേത്ര പവാർ നേരിട്ട് അഭ്യർത്ഥിച്ചത് കൊണ്ടാണ് സ്ഥാനാർത്ഥിയെ പിൻവലിച്ചത് എന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്‌കാൽ പറഞ്ഞു. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തലയുമായും സുനേത്ര പവാർ സംസാരിച്ചു. രാഷ്ട്രീയ മര്യാദയുടെ പേരിലും അജിത് പവറിനോടുള്ള ആദരസൂചകവുമായിട്ടാണ് സ്ഥാനാർത്ഥിയെ പിൻവലിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അജിത് പവാർ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് കോൺഗ്രസിലൂടെയാണ്. പാർട്ടിയുമായി ദീർഘകാലം അദ്ദേഹം സഖ്യത്തിലും ഉണ്ടായിരുന്നു. പൊതുജനവികാരത്തെ മാനിച്ചും അദ്ദേഹത്തിന്റെ സംഭാവനകൾക്കുള്ള ആദരസൂചകമായും തങ്ങൾ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു എന്നും അദ്ദേഹം പറഞ്ഞു. എൻ‌സി‌പിയെ ഈ അവസരത്തിൽ പിന്തുണയ്ക്കുമ്പോൾ തന്നെ, ബിജെപിക്കെതിരായ ഞങ്ങളുടെ പ്രത്യയശാസ്ത്ര പോരാട്ടം തുടരുമെന്നും ഹർഷവർധൻ സപ്‌കാൽ പറഞ്ഞു. വർഗീയ പാർട്ടിയായ ബിജെപിയുമായുള്ള സഖ്യം എൻസിപി പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും സപ്‌കാലിനെ വിളിച്ച് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ അഭ്യർത്ഥിച്ചിരുന്നു. സുപ്രിയ സുലെ അടക്കമുള്ള ശരദ് പവാർ എൻസിപി വിഭാഗം നേതാക്കളും സ്ഥാനാർത്ഥിയെ പിൻവലിക്കാൻ കോൺഗ്രസിനോട് അഭ്യർത്ഥിച്ചിരുന്നു.

അജിത് പവാർ വിമാനാപകടത്തിൽ കൊലപ്പെട്ടതോടെയാണ് ഭാര്യ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായത്. ജനുവരി 28നാണ് ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടത്. വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാര്‍ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീണത്. ലാന്‍ഡ് ചെയ്യുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെടുകയും തകര്‍ന്നുവീണതിന് പിന്നാലെ വിമാനം രണ്ടായി പിളരുകയുമായിരുന്നു. തുടര്‍ന്ന് വിമാനം പൂര്‍ണമായും കത്തിയമരുകയായിരുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയചലനങ്ങളില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയ നേതാവാണ് അജിത് പവാര്‍. എട്ട് തവണ നിയമസഭാംഗവും അഞ്ച് തവണ ഉപമുഖ്യമന്ത്രിയും മന്ത്രിയുമായിരുന്ന അജിത് പവാർ എന്‍സിപിയുടെ മുഖമായിരുന്നു.

Content Highlights: Congress withdraws from Baramati bypoll as a tribute to late Ajit Pawar, marking a significant political gesture in Maharashtra.

To advertise here,contact us