2021ൽ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു നന്ദിഗ്രാം. ഒരുപക്ഷെ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ ഏറ്റവും ശക്തമായി നന്ദിഗ്രാം ചർച്ചയിൽ നിറഞ്ഞതും 2021ൽ ആകും. മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയും നന്ദിഗ്രാമിൽ മുഖാമുഖം വന്നതായിരുന്നു 2021ൽ നന്ദിഗ്രാമിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. എന്നാൽ സുവേന്ദു അധികാരിക്ക് മുന്നിൽ മമത ബാനർജി മുട്ടുമടക്കി. 1,956 വോട്ടിൻ്റെ മാത്രം ഭൂരിപക്ഷത്തിനായിരുന്നു സുവേന്ദു അധികാരിയുടെ വിജയമെങ്കിലും നന്ദിഗ്രാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തൃണമൂലിൻ്റെ ശക്തി ചോരുന്നതിൻ്റെ കൂടി നേർചിത്രമായി മമതയുടെ പരാജയം അടയാളപ്പെടുത്തപ്പെട്ടു. നന്ദിഗ്രാമിൽ പാരജയപ്പെട്ടെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ഭബാനിപ്പൂരിൽ നിന്ന് വിജയിച്ച സോവന്ദേബ് ചാറ്റർജി മമതയ്ക്ക് മത്സരിക്കാനായി രാജിവെയ്ക്കുകയായിരുന്നു. പിന്നീട് ഭബാനിപ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിലായിരുന്നു മമത നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഇത്തവണ പക്ഷെ സുവേന്ദുവിനെ നേരിടാൻ മമതയെത്തില്ല. എന്നാൽ മമതയെ അവരുടെ തട്ടകത്തിൽ പോയി നേരിടാനാണ് സുവേന്ദുവിൻ്റെ തീരുമാനം. നന്ദിഗ്രാമിന് പുറമെ മമത ബാനർജിയുടെ സ്വന്തം മണ്ഡലമായ ഭബാനിപ്പൂരിലും ഇത്തവണ മത്സരിക്കാനാണ് സുവേന്ദു അധികാരി ഒരുങ്ങുന്നത്. ഭബാനിപ്പൂരിൽ ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് സുവേന്ദു ആണെങ്കിലും സ്വന്തം ശക്തികേന്ദ്രത്തിൽ തന്നെ തുടരാനാണ് മമതയുടെ തീരുമാനം. 2021ലെ തെരഞ്ഞെടുപ്പിൽ മമതയും സുവേന്ദുവും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ ചർച്ചകളിൽ നിറഞ്ഞത് നന്ദിഗ്രാമായിരുന്നു. ഇത്തവണ നന്ദിഗ്രാമിന് പുറത്താണ് മമത-സുവേന്ദു മത്സരചിത്രമെങ്കിലും ചർച്ചകളിൽ നിറയുന്നത് ഇരുവരും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങളുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന നന്ദിഗ്രാം തന്നെയാണ്.
ബംഗാളിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ വഴിത്തിരുവുകൾ അടയാളപ്പെടുത്തിയ സ്ഥലനാമമാണ് നന്ദിഗ്രാം. ഇടതുപക്ഷത്തിൻ്റെ ബംഗാളിലെ കോട്ടകൊത്തളങ്ങൾ തകർത്തെറിയാനുള്ള കാഹളം മുഴങ്ങിയ ഇടമെന്ന നിലയിലായിരുന്നു നന്ദിഗ്രാം അടയാളപ്പെടുത്തപ്പെട്ടത്. എന്നാൽ തൃണമൂൽ കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായിരുന്ന പൂർവ്വമേദിനിപ്പൂർ സമീപകാലത്ത് ബിജെപിയുടെ ശക്തികേന്ദ്രമാകുമ്പോൾ നന്ദിഗ്രാമിലും തൃണമൂലിന് അടിപതറുകയാണ്. തൃണമൂലിനെ ഈ മേഖലയിലെ ചോദ്യം ചെയ്യാനാവാത്ത ശക്തികളാക്കി മാറ്റിയ ശിശിർ അധികാരിയും മകൻ സുവേന്ദു അധികാരിയും തന്നെയാണ് നന്ദിഗ്രാം ഉൾപ്പെടുന്ന പൂർവ്വ മേദിനിപ്പൂരിൽ ബിജെപി മുന്നേറ്റത്തിനും വഴിതെളിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പിന്നീട് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ മേഖലയിൽ ബിജെപി തൃണമൂലിൻ്റെ ആധിപത്യത്തെ തകർക്കാൻ നേതൃത്വം നൽകുന്നത് സുവേന്ദു അധികാരിയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. നന്ദിഗ്രാം പ്രക്ഷോഭത്തിൽ സുവേന്ദു അധികാരി വഹിച്ച പങ്കിനെ അധികാരത്തിലെത്തിയതിന് ശേഷം പ്രശംസിച്ചതും പിന്നീട് സുവേന്ദു പാർട്ടി വിട്ടതിന് പിന്നാലെ നന്ദിഗ്രാം വെടിവെയ്പ്പിൽ സുവേന്ദു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചതും മമത ബാനർജി ആയിരുന്നു എന്നതും ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്.
ബംഗാളിൽ അധികാരം കൈയ്യാളാൻ തൃണമൂൽ കോൺഗ്രസിന് തുണയായ നന്ദിഗ്രാം മുൻനിർത്തിയുള്ള പ്രക്ഷോഭങ്ങളുടെ ബുദ്ധികേന്ദ്രം യഥാർത്ഥത്തിൽ സുവേന്ദു അധികാരിയുടെ പിതാവ് ശിശിർ അധികാരി ആയിരുന്നു. ബംഗാളിലെ വ്യവസായ മുന്നേറ്റം ലക്ഷ്യം വെച്ച് നന്ദിഗ്രാമിൽ ഒരു കെമിക്കൽ ഹബ് ഉണ്ടാക്കാനുള്ള ബുദ്ധദേവ് സർക്കാരിൻ്റെ നീക്കത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാൻ 2007ൽ നേതൃത്വം നൽകിയത് ശിശിർ അധികാരി ആയിരുന്നു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രാദേശിക കർഷകർ നടത്തിയ പ്രതിഷേധത്തെ നേതൃപരമായി ഏറ്റെടുക്കാൻ ശിശിർ അധികാരിക്ക് സാധിച്ചു. ഭൂമി ഉച്ചേദ് പ്രതിരോധ് കമ്മിറ്റി എന്ന പേരിൽ ഒരു മുന്നണി ഇതിൻ്റെ ഭാഗമായി രൂപപ്പെട്ടു. തീവ്ര ഇടതുപക്ഷ സംഘടകളും വ്യത്യസ്തങ്ങളായ സമുദായ ഗ്രൂപ്പുകളും ഉൾപ്പെടെയുള്ള ഈ കമ്മിറ്റിയുടെ കൺവീനറായിരുന്നു ശിശിർ അധികാരി. സിപിഐഎം വിരുദ്ധരായ എല്ലാ വിഭാഗങ്ങളെയും ഒരുകുടക്കീഴിൽ അണിനിരത്താനും മമത ബാനർജിയെ നന്ദിഗ്രാം പ്രക്ഷോഭങ്ങളുടെ നേതൃനിരയിൽ പ്രതിഷ്ഠിക്കാനുമുള്ള നീക്കങ്ങളുടെയെല്ലാം ചുക്കാൻ പിടിച്ചത് ശിശിർ അധികാരിയും മകൻ സുവേന്ദു അധികാരിയും ആയിരുന്നു. പിന്നീട് നടന്ന പൊലീസ് വെടിവെയ്പ്പിൽ 14 കർഷകർ കൊല്ലപ്പെട്ടതോടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സമരങ്ങൾക്ക് തൃണമൂലിനെ മുൻനിർത്തിയുള്ള സർക്കാർ വിരുദ്ധ രാഷ്ട്രീയ പേരാട്ടമായി മാറുകയായിരുന്നു.
34 വർഷം നീണ്ട ഇടതുമുന്നണി ഭരണത്തിന് അന്ത്യം കുറിച്ച നന്ദിഗ്രാം ഇടതുപക്ഷത്തിൻ്റെ വാട്ടർലൂ ആകുന്നതിലും തൃണമൂലിൻ്റെ രാഷ്ട്രീയ ജീവവായു അകുന്നതിനും സാക്ഷ്യം വഹിച്ചത് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു. എന്നാൽ അതിന് മുമ്പായി തന്നെ ബംഗാളിൽ നടക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റത്തിൻ്റെ ലിറ്റ്മസ് ടെസ്റ്റ് നന്ദിഗ്രാമിൽ നടന്നിരുന്നു. 2007ൽ പൊലീസ് വെടിവെയ്പ്പിലേയ്ക്ക് നയിച്ച നന്ദിഗ്രാം സംഭവത്തിൻ്റെ അനുരണനങ്ങൾ ബംഗാൾ രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കിയെന്ന് കൂടിയായിരുന്നു 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അടയാളപ്പെടുത്തിയത്. കോൺഗ്രസ് സഖ്യത്തിൽ മത്സരിച്ച മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 19 ലോക്സഭാ സീറ്റുകളിലാണ് അന്ന് വിജയിച്ചത്. എന്നാൽ നന്ദിഗ്രാം ഉൾപ്പെടുന്ന തംലുക്ക് ലോക്സഭാ മണ്ഡലത്തിലെ തൃണമൂലിൻ്റെ വിജയമായിരുന്നു അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നന്ദിഗ്രാം വിഷയത്തെ ബംഗാളിലെ ആളിക്കത്തിക്കുന്ന രാഷ്ട്രീയ വിഷയമായി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ച തൃണമൂൽ നേതാവ് സുവേന്ദു അധികാരി ഇവിടെ 1,72,958 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. അന്ന് നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലും ഭൂരിപക്ഷം നേടാൻ സുവേന്ദു അധികാരിക്ക് സാധിച്ചിരുന്നു. 2009ൽ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും തൃണമൂൽ കോൺഗ്രസ് വിജയിച്ചിരുന്നു.
പിന്നീട് നന്ദിഗ്രാം പ്രക്ഷോഭങ്ങളുടെ മുഖം എന്ന നിലയിൽ ബംഗാളിലും തൃണമൂലിലും ശിശിർ അധികാരിയും സുവേന്ദു അധികാരിയും ശക്തരായി. 2009ൽ നന്ദിഗ്രാം ഉൾപ്പെടുന്ന തംലുക്ക് ലോക്സഭാ മണ്ഡലത്തോട് ചേർന്ന് കിടക്കുന്ന കാന്തി ലോക്സഭാ മണ്ഡലത്തിൽ നിന്ന് ശിശിർ അധികാരിയും വിജയിച്ചിരുന്നു. 2009ൽ അധികാരത്തിലെത്തിയ രണ്ടാം യുപിഎ മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മമത ബാനർജി യാത്രചെയ്ത പ്രത്യേക വിമാനത്തിൽ ഒപ്പം അനുഗമിക്കാൻ അവസരം ലഭിച്ച ഏക തൃണമൂൽ എം പിയായിരുന്നു ശിശിർ അധികാരി എന്നത് മാത്രം മതി അദ്ദേഹത്തിന് അക്കാലത്ത് പാർട്ടിയിൽ ഉണ്ടായിരുന്ന അപ്രമാദിത്വം മനസ്സിലാക്കാൻ. രണ്ടാം യുപിഎ മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു ശിശിർ അധികാരി.
പൂർവ മേദിനിപ്പൂരിലും സമീപജില്ലകളിലും തൃണമൂൽ കോൺഗ്രസിൻ്റെ കിരീടം വെയ്ക്കാത്ത രാജാക്കന്മാരായി ശിശിർ അധികാരിയും മകൻ സുവേന്ദുവും മാറുന്നതിനാണ് പിന്നീടുള്ള ഒരു ദശകം സാക്ഷ്യം വഹിച്ചത്. 2014ൽ വീണ്ടും ലോക്സഭയിലേയ്ക്ക് സുവേന്ദു അധികാരി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന് മത്സരിച്ച് ജയിച്ചതിന് പിന്നാലെ സുവേന്ദു അധികാരി രണ്ടാം മമത ബാനർജി സർക്കാരിൽ അംഗമായി.
എന്നാൽ തൃണമൂലിൻ്റെ പ്രാദേശിക അധികാരികൾ എന്ന നിലയിൽ നിന്നും ബിജെപിയുടെ സംസ്ഥാന നേതാക്കൾ എന്ന നിലയിലുള്ള ശിശിർ അധികാരിയുടെയും സുവേന്ദു അധികാരിയുടെയും മാറ്റത്തിനായി 2020 സാക്ഷ്യം വഹിച്ചത്. തൃണമൂൽ കോൺഗ്രസിനെ പിടിച്ചുലച്ച ശാരദാ ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ടായിരുന്നു സുവേന്ദുവിൻ്റെ തൃണമൂലിൽ നിന്നുള്ള പടിയിറക്കം. ശാരദാ ചിട്ടിഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ശക്തമാകവെ ആയിരുന്നു സുവേന്ദു അധികാരി തൃണമൂലിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി നടത്തിയ മുന്നേറ്റത്തിന് പിന്നാലെയായിരുന്നു സുവേന്ദു അധികാരിയുടെ ബിജെപി പ്രവേശനം. മുകുൾ റോയ്, സോവൻ ചാറ്റർജി തുടങ്ങിയ തൃണമൂലിലെ പ്രമുഖരും തൃണമൂലിൽ നിന്ന് ഇക്കാലത്ത് ബിജെപിയിൽ എത്തിയിരുന്നു. പിന്നാലെ നടന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 77 സീറ്റുകൾ സ്വന്തമാക്കി ബംഗാൾ നിയമസഭയിലെ മുഖ്യപ്രതിപക്ഷമായി. സുവേന്ദു അധികാരി ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായി.
ഇത്തവണ നന്ദിഗ്രാമിൽ മത്സരിക്കാൻ സുവേന്ദു അധികാരിയുടെ പാളയത്തിൽ നിന്നാണ് തൃണമൂൽ ആളെ കണ്ടെത്തിയിരിക്കുന്നത്. ബ്ലോക്ക് തല നേതാവും പ്രദേശികമായി സുവേന്ദു അധികാരിയുടെ മൂന്ന് വിശ്വസ്തരിൽ ഒരാളുമായ പബിത്ര കറിനെയാണ് ബിജെപിയിൽ നിന്ന് അടർത്തിയെടുത്ത് തൃണമൂൽ നന്ദിഗ്രാമിൽ മത്സരിപ്പിക്കുന്നത്. ഹിന്ദുവോട്ടുകൾ ഭിന്നിപ്പിച്ച് സുവേന്ദു അധികാരിയെ പരാജയപ്പെടുത്തുക എന്ന അഭിഷേക് ബാനർജിയുടെ തന്ത്രത്തിൻ്റെ ഭാഗമാണ് പബിത്ര കറിൻ്റെ സ്ഥാനാർത്ഥിത്വം എന്നാണ് വിലയിരുത്തപ്പെടുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അടിസ്ഥാനത്തിൽ 90 നിയമസഭാ മണ്ഡലങ്ങളിൽ മുന്നേറ്റം നടത്താൻ ബിജെപി സാധിച്ചിരുന്നു. അതിനാൽ തന്നെ നന്ദിഗ്രാമിലും ഭവാനിപ്പൂരിൽ മമത ബാനർജിക്കെതിരായും നടത്തുന്ന പേരാട്ടങ്ങൾ പോലെ തന്നെ സുവേന്ദു അധികാരിക്ക് പ്രധാനമാണ് ബംഗാളിൽ ബിജെപിയുടെ പ്രകടനവും.
Content Highlights: West Bengal Assembly Elections 2026: Nandigram, once TMC's lifeline, now dons saffron as Suvendu Adhikari eyes victory. Mamata Banerjee faces renewed challenge in epic Suvendu-Mamata battle amid TMC's strong candidate list and BJP's aggressive push.