രാജ്യസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ്,ആര്‍ജെഡി എംഎൽഎമാര്‍ വിട്ടുനിന്നു, ബിഹാറില്‍ ബിജെപിക്ക് വിജയം

കോണ്‍ഗ്രസ് എംഎല്‍എമാരായ മനോജ് ബിശ്വാസ്, സുരേന്ദ്ര കുശ്‌വാഹ, മനോഹര്‍ പ്രസാദ് സിംഗ് എന്നിവരും ആര്‍ജെഡി എംഎല്‍എ ഫൈസല്‍ റഹ്‌മാനും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു

ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ എന്‍ഡിഎയ്ക്ക് അട്ടിമറി വിജയം. അഞ്ച് സീറ്റുകളിലും എന്‍ഡിഎ വിജയിച്ചു. ബിജെപി നേതാക്കളായ നിതിന്‍ നബിന്‍, ശിവേഷ് റാം, ജെഡിയു നേതാക്കളായ നിതീഷ് കുമാര്‍, റാംനാഥ് താക്കൂര്‍, രാഷ്ട്രീയ ലോക് മോര്‍ച്ച നേതാവ് ഉപേന്ദ്ര കുഷ്‌വാഹ എന്നിവരാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 202 എന്‍ഡിഎ എംഎല്‍എമാര്‍ വോട്ടിംഗില്‍ പങ്കെടുത്തപ്പോള്‍ പ്രതിപക്ഷത്തുനിന്നും 37 എംഎല്‍എമാരാണ് വോട്ടിംഗില്‍ പങ്കെടുത്തത്.

കോണ്‍ഗ്രസ് എംഎല്‍എമാരായ മനോജ് ബിശ്വാസ്, സുരേന്ദ്ര കുശ്‌വാഹ, മനോഹര്‍ പ്രസാദ് സിംഗ് എന്നിവരും ആര്‍ജെഡി എംഎല്‍എ ഫൈസല്‍ റഹ്‌മാനും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെയാണ് വിജയിക്കാമായിരുന്ന ഒരു സീറ്റില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി അമരേന്ദ്ര ധാരി സിംഗ് പരാജയപ്പെട്ടത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കലിലാക്കിയതാണെന്ന് ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് റാം ആരോപിച്ചു.

ഒഡീഷയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയതോടെ എന്‍ഡിഎ പിന്തുണയുളള സ്ഥാനാര്‍ത്ഥി വിജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ദിലീപ് റേയ്ക്കാണ് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ടുചെയ്തത്. കോണ്‍ഗ്രസ് എംഎല്‍എമാരായ രമേശ് ജെന, ദശരഥി ഗൊമാംഗോ, സോഫിയ ഫിര്‍ദൗസ് എന്നിവരാണ് പാര്‍ട്ടി വിപ്പ് ലംഘിച്ച് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തത്.

Content Highlights: Rajya Sabha elections: NDA wins in Bihar and Odisha with support from Congress MLAs

To advertise here,contact us