വാർഷിക പൊങ്കൽ സമ്മാനമായി ഒരു കുടുംബത്തിന് 10,000 രൂപ; തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി അണ്ണാ ഡിഎംകെ

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ ലഭിക്കാത്തവര്‍ക്ക് മാസം 2,000 രൂപ വീതം നല്‍കും

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വാഗ്ദാനങ്ങളുമായി അണ്ണാ ഡിഎംകെ. അധികാരത്തിലെത്തിയാല്‍ വാർഷിക പൊങ്കൽ സമ്മാനമായി ഓരോ കുടുംബത്തിനും 10,000 രൂപ ധനസഹായം നല്‍കുമെന്ന് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി അറിയിച്ചു. വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ധനസഹായമെന്ന് അദ്ദേഹം വ്യക്തമാക്കി.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ ലഭിക്കാത്തവര്‍ക്ക് മാസം 2,000 രൂപ വീതം നല്‍കും. ഇതില്‍ പ്ലസ് ടു പാസ്സായവര്‍ക്ക് 1,000 രൂപ നല്‍കാനും തീരുമാനിച്ചെന്ന് അദ്ദേഹം അറിയിച്ചു. അണ്ണാ ഡിഎംകെ പുറത്തിറക്കിയ മൂന്നാം ഘട്ട പ്രകടന പത്രികയിലാണ് ഈ സുപ്രധാന പ്രഖ്യാപനങ്ങളുള്ളത്. കുടുംബങ്ങള്‍ക്കുള്ള ധനസഹായത്തിന് പുറമെ തൊഴിലില്ലായ്മ പരിഹരിക്കാനും വിവിധ മേഖലയിലുള്ളവര്‍ക്കും ആശ്വാസകരമായ നിരവധി വാഗ്ദാനങ്ങള്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്നുണ്ട്. ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന 8,000 രൂപ അണ്ണാ ഡിഎംകെ അധികാരത്തില്‍ വന്നാല്‍ 10,000 രൂപയായി ഉയര്‍ത്തുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് നെയ്ത്തുകാര്‍ക്കും പ്രത്യേക സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഡിഎംകെ സർക്കാർ ഓരോ കുടുംബത്തിനും 5,000 രൂപ വീതം നൽകുന്ന നടപടി സ്വീകരിച്ചിരുന്നു. ഫെബ്രുവരിയിലെ തുകയ്‌ക്കൊപ്പം മാർച്ച്‌, ഏപ്രിൽ മാസങ്ങളിലെ തുക മുൻ‌കൂറായി നൽകിയിരുന്നു. ഇതിനുപുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2,000 രൂപയും കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് അതിനെ വെല്ലുന്ന വാഗ്ദാനങ്ങളുമായി അണ്ണാ ഡിഎംകെ രംഗത്തെത്തിയിരിക്കുന്നത്. ഡിഎംകെ, അണ്ണാ ഡിഎംകെ മുന്നണികൾക്ക് പുറമെ വിജയ് പാർട്ടിയായ ടിവികെയും വലിയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ വാഗ്ദാനങ്ങളുടെ മത്സരമാണ് നടക്കുന്നത്.

Content Highlight : The AIADMK has announced ₹10,000 financial assistance per family in Tamil Nadu as part of its election promise, aiming to provide direct relief to households across the state.

To advertise here,contact us