ന്യൂഡൽഹി: അവയവദാനത്തിൽ പുതുചരിത്രം കുറിച്ച ആലിൻ ഷെറിൻ എബ്രഹാമിനെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുഞ്ഞിന്റെ അവയവദാനത്തിന് സന്നദ്ധരായ ആലിന്റെ മാതാപിതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയതെന്നും മോദി പരാമർശിച്ചു. എല്ലാമായ കുഞ്ഞിനെ നഷ്ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു. എന്തൊരു വലിയ തീരുമാനമാണ് രക്ഷിതാക്കൾ എടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിൻ്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തിൽ പ്രതിഫലിച്ചത്. സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കൾ മുന്നോട്ട് വന്നത്. ആലിൻ ഇന്ന് നമുക്കൊപ്പമില്ല,എന്നാൽ അവളുടെ പേര് രാജ്യത്തെ പ്രായംകുറഞ്ഞ അവയവദാതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്. ആലിൻ ഷെറിൻ്റെ പേര് എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അവയവദാനത്തിൽ ഇന്ത്യ മുന്നിലാണെന്നും മോദി കൂട്ടിചേർത്തു. അവയവദാനം മഹതായ കാര്യമാണ്. ആവശ്യമുള്ളവർക്ക് ദാനം ചെയ്യണം. മെഡിക്കൽ ഗവേഷണ രംഗവും മുൻപന്തിയിലാണ്. അവയവങ്ങൾ സ്വീകരിച്ച പലരും ഇന്ന് സാധാരണ ജീവിതം നയിക്കുന്നുണ്ട്. എത്രയോ പേരാണ് അവയവങ്ങൾ സ്വീകരിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അവയവദാനത്തെ എന്നും പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞു.
പത്തനംതിട്ട നെടുങ്ങാടപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിൻ്റെയും മകളായിരുന്നു പത്തുമാസം പ്രായക്കാരിയായ ആലിൻ. ഫെബ്രുവരി അഞ്ചിന് മാതാപിതാക്കളോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ എംസി റോഡിൽ പള്ളം ബോർമ കവലയിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ദിവസങ്ങളോളം ചികിത്സയിലായിരുന്നു ആലിൻ. മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെയാണ് മാതാപിതാക്കൾ അവയവദാനത്തിന് തീരുമാനിച്ചത്. നാലുകുട്ടികൾക്ക് പുതുജീവനേകിയാണ് ആലിൻ യാത്രയായത്. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെയ്ൻ്റ് തോമസ് സിഎസ്ഐ പള്ളിയിലായിരുന്നു ആലിൻ്റെ സംസ്കാരം.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ. ആലിന്റെ വൃക്കകളും കരളും ഹൃദയവാൽവും നാലുകുട്ടികൾക്കാണ് പുതുജീവനേകുന്നത്. ഇതിൽ രണ്ടുപേർ അവയവങ്ങൾ സ്വീകരിച്ചുകഴിഞ്ഞു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.Content Highlights: Prime Minister Narendra Modi praised Alyn Sherin Abraham, who created history in organ donation, in his radio talk show Mann Ki Baat