ഗുവാഹത്തി: അസമിലെ മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി സംസ്ഥാന അധ്യക്ഷനുമായിരുന്ന ഭൂപൻ ബോറ ബിജെപിയില്‍ ചേര്‍ന്നു. അസം ബിജെപി അധ്യക്ഷൻ ദിലീപ് സായ്ക്കിയയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് വച്ചാണ് ബോറ അംഗത്വം സ്വീകരിച്ചത്. ബോറയ്ക്കൊപ്പം യുവ കോണ്‍ഗ്രസ് നേതാക്കളായ സഞ്ജു ബറുഹ, സര്ബനാരായണ് ഡിയോറി എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിതാഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
കഴിഞ്ഞ 32 വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ഭൂപന്‍ ബോറ. അസം നിയമസഭയില്‍ രണ്ടു തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു. ആസാം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി 2021 മുതല്‍ 2024വരെ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തരുണ്‍ ഗഗോയിയുടെ ഭരണകാലത്ത് അസം സര്‍ക്കാരിന്റെ വക്താവും പാര്‍ലമെന്ററി സെക്രട്ടറിയുമായിരുന്നു. കോണ്‍ഗ്രസ് എംപിയായ രാഖിബുല് ഹുസൈനാണ് തന്റെ രാജിക്ക് പിന്നിലെന്നാണ് ബോറ ആരോപിക്കുന്നത്. ഹുസൈന് കോണ്‍ഗ്രസിന്റെ ഭരണം മുഴുവന്‍ കൈപ്പടിയില്‍ ഒതുക്കിയിരിക്കയാണെന്ന് ബോറ പറയുന്നു.
1970 ഒക്ടോബര്‍ 30ന് ലഖിംപൂരിലെ പോഹുമോറയില് ജനിച്ച ബോറ നോര്‍ത്ത് ലഖിംപൂര്‍ കോളേജ്, ദിബ്രുഘര്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നാണ് ബിരുദം നേടിയത്.
Content Highlights: Former Assam Pradesh Congress Committee chief Bhupen Kumar Borah, who recently resigned from the Indian National Congress amid internal tensions, has formally joined the Bharatiya Janata Party