ബെംഗളൂരു: കർണാടകയിൽ കരാറുകാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎയെ അറസ്റ്റ് ചെയ്തു. ഗഡക് ജില്ലയിലെ ശിരഹട്ടി മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ ഡോ. ചന്ദ്രു ലമാനിയെയും രണ്ട് പേഴ്സണൽ സഹായികളെയുമാണ് ലോകായുക്ത ഉദ്യോഗസ്ഥർ ഇന്നലെ അറസ്റ്റ് ചെയ്തത്.
മൈനർ ഇറിഗേഷൻ വകുപ്പിൻ്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാരനിൽ നിന്ന് ലമാനി 11ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ലോകായുക്ത പൊലീസ് അറിയിച്ചു. ഗഡക് താലൂക്കിൽ ഗ്രാമത്തിലെ ക്ലാസ്-ഒന്ന് കരാറുകാരൻ വിജയ് പൂജാർ ലോകായുക്ത പൊലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്. ഫെബ്രുവരി 21 ശനിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെയാണ് അറസ്റ്റ് ചെയ്തത്
ലക്ഷ്മേഹ്വാര് പട്ടണത്തിലെ ബാലാജി ആശുപത്രിയിൽ വെച്ച് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബിജെപി എംഎൽഎയും അദേഹത്തിൻ്റെ പേഴ്സണൽ അസിസ്റ്റൻ്റുമാരായ മഞ്ജുനാഥ് വാൽമീകിയും ഗുരു നായക്കും അറസ്റ്റിലായത്. ലോകായുക്ത റെയ്ഡിനിടെ ഗുരു നായക് 50,000 രൂപ അടങ്ങിയ കവർ ആശുപത്രിക്ക് പിന്നിലുള്ള സ്വകാര്യ സ്കൂൾ കോമ്പൗണ്ടിലേക്ക് എറിഞ്ഞിരുന്നു. ആശുപത്രിയിൽ കണ്ടെത്തിയ 4.50 ലക്ഷം രൂപക്കൊപ്പം ലോകായുക്ത പൊലീസ് ആ തുകയും പിടിച്ചെടുത്തു. ലോകായുക്ത എസ്പി സിദ്ധലിംഗപ്പയുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
Content Highlights: BJP MLA arrested while accepting bribe of Rs 5 lakh from contractor in Karnataka