ആർഎസ്എസിനെതിരെ പോരാടിയ ദളിത് നേതാവ്, എൻഎസ്‌യുഐ ദേശീയ അധ്യക്ഷനായി വിനോദ് ജാഖർ; നിർദേശിച്ചത് രാഹുൽ ഗാന്ധി

പതിനഞ്ച് സ്ഥാനാർത്ഥികളെയും രാഹുൽ ഗാന്ധി നേരിട്ട് അഭിമുഖം നടത്തിയ ശേഷമാണ് വിനോദിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ (എന്‍എസ്‌യുഐ) ദേശീയ അധ്യക്ഷനായി വിനോദ് ജാഖറെ നിയമിച്ചു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായിരുന്ന വിനോദിനെ എന്‍എസ്‌യുഐ ദേശീയ അധ്യക്ഷനായി നിയമിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ എന്‍എസ്‌യുഐ പ്രസിഡന്റിനായുളള തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടന്നിരുന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള 15 പേരാണ് എന്‍എസ്‌യുഐ അധ്യക്ഷസ്ഥാനത്തിനായി മത്സരിച്ചത്. കൂട്ടായ ചര്‍ച്ചക്ക് ശേഷം രാഹുല്‍ ഗാന്ധി സ്ഥാനാർത്ഥികളുമായി അഭിമുഖം നടത്തി. ചര്‍ച്ചകള്‍ക്കൊടുവിൽ രാഹുല്‍ ഗാന്ധി വിനോദിനെ എന്‍എസ്‌യുഐ അധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാൻ സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയനിൽ ആദ്യ ദളിത് പ്രസിഡന്റ് ആയിരുന്നു.

ദളിത് വിഭാഗത്തില്‍ നിന്നുളള വിനോദ് ജാഖര്‍ ആര്‍എസ്എസിനെയും ബിജെപിയെയും പരസ്യമായി വെല്ലുവിളിച്ചുകൊണ്ടുളള ശക്തമായ പോരാട്ടങ്ങളിലൂടെയാണ് വിദ്യാര്‍ത്ഥി നേതാവായി ഉയര്‍ന്നുവന്നത്. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ വിജയ ദശമി ദിനത്തില്‍ ആര്‍എസ്എസ് നടത്തിയ ആയുധ പൂജയ്‌ക്കെതിരെ പ്രതിഷേധിച്ച് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. സര്‍വകലാശാല ക്യാമ്പസിലും തെരുവിലും ആര്‍എസ്എസിനെതിരായ ആശയസമരങ്ങളിലും നിറഞ്ഞുനിന്നയാളാണ് വിനോദ് ജാഖര്‍. രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ പിസിസി അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റിന്റെ അടുത്ത അനുയായിയാണ് വിനോദ്. കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ ദേശീയ അധ്യക്ഷ പദവിയിലേക്ക് രാജസ്ഥാനില്‍ നിന്നെത്തുന്ന ആദ്യ വിദ്യാര്‍ത്ഥി നേതാവ് കൂടിയാണ്.

Content Highlights: Rahul Gandhi appoints vinod jakhar as nsui president

To advertise here,contact us