ചെന്നൈ: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് ചൂടേറിയ ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ സഖ്യങ്ങളിൽ നടക്കുന്നത് നാടകീയ നീക്കങ്ങള്. വിജയകാന്തിന്റെ ഡിഎംഡികെ(ദേശിയ മുർപോക്ക് ദ്രാവിഡ കഴകം)ഡിഎംകെയ്ക്ക് ഒപ്പം ചേർന്നിരിക്കുകയാണ്. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് തമിഴ്നാട് മുഖ്യന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ഡിഎംകെ ആസ്ഥാനത്ത് എത്തിയാണ് ഡിഎംഡികെ സഖ്യത്തിലേക്കുള്ള ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചത്.
ഇതിന് ശേഷം പ്രേമലത മാധ്യമങ്ങൾക്ക് മുൻപിലെത്തിയിരുന്നു. അണികളുടെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നത് എന്നും ക്യാപ്റ്റൻ വിജയകാന്ത് ഉണ്ടായിരുന്ന സമയത്ത് തന്നെ നടക്കേണ്ട സഖ്യമായിരുന്നു ഇതെന്നും പ്രേമലത പറഞ്ഞു. തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച ചർച്ചളെല്ലാം ഇരു പാർട്ടികളും ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ച ശേഷം തീരുമാനിക്കുമെന്നും ഇവർ അറിയിച്ചു.
ഡിഎംഡികെ ഡിഎംകെയിൽ ചേർന്നതോടെ കനത്ത തിരിച്ചടി നേരിട്ടത് എൻഡിഎ ആണ്.
വിജയകാന്തിന്റെ പാർട്ടിയെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ എൻഡിഎ കനത്ത പരിശ്രമം നടത്തിയിരുന്നു. വലിയ ഡിമാൻഡുകളാണ് ഡിഎംഡികെ ഉയർത്തുന്നത് എന്നും അതുകൊണ്ട് തങ്ങളുമായുള്ള സഖ്യസാധ്യത മങ്ങുകയാണെന്നും അടുത്തിടെ ഒരു ഡിഎംകെ നേതാവ് പറഞ്ഞതോടെ എൻഡിഎ ക്യാമ്പിൽ പ്രതീക്ഷ വളർന്നിരുന്നു. എന്നാൽ ഇപ്പോൾ മിന്നൽ നീക്കത്തിലൂടെ ഡിഎംഡികെയെ ഡിഎംകെ തങ്ങൾക്കൊപ്പം കൂട്ടിയിരിക്കുകയാണ്.
വിജയ്യുടെ ടിവികെ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ കൂടിയാണ് വിജയകാന്തിന്റെ പാർട്ടിയെ ഡിഎംകെ കൂടെ നിർത്തുന്നത് എന്നാണ് വിലയിരുത്തലുകൾ. അന്തരിച്ചെങ്കിലും സിനിമാതാരമെന്ന നിലയിൽ വിജയകാന്തിന് ഇപ്പോഴും തമിഴ്നാട്ടിൽ ആരാധകർ ഏറെയാണ്. വിജയ് ആരാധകർക്കിടയിലും ക്യാപ്റ്റൻ ഫാൻസിന്റെ എണ്ണത്തിന് കുറവില്ല. ഇത് കൂടി ഡിഎംകെ കണക്കിലെടുക്കുന്നുണ്ട്.
Content Highlights : Vijayakanth's DMDK party joins DMK-led alliance, Premalatha meets with M K Stalin