ലക്നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയും തമ്മിലുളള തര്‍ക്കത്തില്‍ ഉപമുഖ്യമന്ത്രിമാരും മുഖ്യമന്ത്രിയും മൂന്ന് തട്ടില്‍. വിവാദത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യയ്ക്കും ബ്രജേഷ് പഥക്കിനും വ്യത്യസ്ത നിലപാടുകളാണുളളത്. ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്ക് സംഭവത്തെ അപലപിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മാഘമേളയ്ക്കിടെ ശങ്കരാചാര്യരെ പുണ്യസ്നാനം നടത്തുന്നതില്‍ നിന്ന് ഭരണകൂടം തടഞ്ഞതിനെ അപലപിക്കുന്നതായിരുന്നു ബ്രജേഷിന്റെ പ്രതികരണം. ശിഷ്യന്മാരുടെ തലയിലെ കുടുമയില്‍ പിടിച്ച് വലിക്കരുതായിരുന്നെന്നും ബലപ്രയോഗം നടത്തുന്നതിന് പകരം ലാത്തി ഉപയോഗിക്കാമായിരുന്നു എന്നുമാണ് ബ്രജേഷ് പഥക് പറഞ്ഞത്. കുടുമയില്‍ പിടിച്ച് വലിക്കുന്നത് മഹാപാപമാണെന്നും അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
സ്വാമി അവിമുക്തേശ്വരാനന്തുമായുളള പ്രശ്നം എത്രയുംവേഗം അവസാനിപ്പിക്കണമെന്നാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആവശ്യപ്പെട്ടത്. ആവശ്യമെങ്കില്‍ താന്‍ വ്യക്തിപരമായി വിഷയത്തില്‍ ഇടപെടുമെന്നും പ്രശ്നം എത്രയുംവേഗം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് ഒരാള്‍ക്ക് സ്വയം ശങ്കരാചാര്യനെന്ന് വിളിക്കാന്‍ കഴിയുക എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചോദ്യം. 'ഉത്തര്‍പ്രദേശിലുളള എല്ലാവര്ക്കും സ്വയം മുഖ്യമന്ത്രിയെന്നും മന്ത്രിയെന്നും വിളിക്കാന്‍ കഴിയില്ല. ഇവിടെ ഒരു സംവിധാനമുണ്ട്. അതിനെ എല്ലാവരും ബഹുമാനിക്കണം' വിദ്വത് പരിഷത്തിനെ ചൂണ്ടിക്കാട്ടിയായിരുന്നു യോഗിയുടെ പ്രതികരണം.
പ്രയാഗ് രാജിലെ മാഘ മേളയ്ക്കിടെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദിനെ പുണ്യസ്നാനം നടത്തുന്നതില്‍ നിന്ന് ഭരണകൂടം തടഞ്ഞതാണ് വിവാദത്തിന് വഴിതുറന്നത്. തിക്കും തിരക്കും ഒഴിവാക്കാനെന്ന പേരില്‍ അവിമുക്തേശ്വരാനന്ദിന്റെ രഥയാത്ര തടയുകയും മറ്റ് ഭക്തരെപ്പോലെ നടന്നുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ശങ്കരാചാര്യരും യോഗി ആദിത്യനാഥും തമ്മില്‍ രൂക്ഷമായ വാക്പോര് നടന്നു. ശങ്കരാചാര്യരെ പേരെടുത്ത് പറയാതെ കാലനേമി (രാമായണത്തില്‍ സന്യാസി വേഷധാരിയായി വരുന്ന അസുരന്) എന്നാണ് യോഗി വിശേഷിപ്പിച്ചത്. ഇതിന് മറുപടിയായി, മുഖ്യമന്ത്രി മതത്തെക്കുറിച്ചല്ല വിദ്യാഭ്യാസവും ആരോഗ്യവും സംസ്ഥാനത്തിന്റെ പുരോഗതിയുമാണ് സംസാരിക്കേണ്ടതെന്ന് അവിമുക്തേശ്വരാനന്ദ് പറഞ്ഞു. മതം സന്യാസിമാര്‍ക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുളള തര്‍ക്കം മുറുകുന്നതിനിടെ അയോധ്യയിലെ ജിഎസ്ടി കമ്മീഷണര്‍ പ്രശാന്ത് കുമാര്‍ സിംഗ് രാജിവയ്ക്കുകയും ചെയ്തിരുന്നു.
Content Highlights: Yogi-Shankaracharya Avimukteswaranand dispute: Deputy Chief Ministers have different opinions