എഐ ഉച്ചകോടിയിൽ പ്രദര്‍ശിപ്പിച്ചത് ചൈനീസ് റോബോട്ടുകൾ; വെറും പിആർ കാഴ്ച്ചയായി മാറിയെന്ന് രാഹുൽ ഗാന്ധി

എഐ ഉച്ചകോടിയില്‍ വിപ്രോ ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ കമ്പനികളുടെ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് ചൈനീസ് റോബോട്ടുകളായിരുന്നു

ന്യൂഡല്‍ഹി: എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടുകളെ ഇന്ത്യന്‍ നിര്‍മ്മിത റോബോട്ടുകളായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എഐ ഉച്ചകോടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഇന്ത്യയുണ്ടാക്കിയ സ്വാധീനം വെളിവാക്കുന്നതിന് പകരം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വെറുമൊരു പിആര്‍ കാഴ്ച്ചയായി എഐ ഉച്ചകോടി മാറിയെന്നും രാഹുല്‍ വിമര്‍ശിച്ചു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എഐ ഉച്ചകോടിയില്‍ വിപ്രോ ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ കമ്പനികളുടെ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത് ചൈനീസ് റോബോട്ടുകളാണ്. വിപ്രോയുടെ പ്രതിനിധി എഐ ഉച്ചകോടിയില്‍ ചൈനീസ് കമ്പനിയായ യുണിട്രീയുടെ ഗോ 2 റോബോട്ടിനെക്കുറിച്ച് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് വിശദീകരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. യുണിട്രീയുടെ ജി1 എന്ന ഹ്യൂമനോയിഡ് റോബോട്ടിനെയും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

നോയിഡ ആസ്ഥാനമായ സ്വകാര്യ സര്‍വകലാശാല ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയിലെ അധ്യാപിക യുണിട്രീയുടെ റോബോട്ടിക് നായയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇവര്‍ സ്വന്തമായി വികസിപ്പിച്ചതാണ് എന്ന അവകാശവാദവുമായാണ് റോബോട്ടിനെ പരിചയപ്പെടുത്തുന്നത്. സര്‍വ്വകലാശാലയുടെ 350 കോടി രൂപയുടെ എഐ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചതാണ് റോബോട്ടെന്നും വീഡിയോയില്‍ ഇവര്‍ അവകാശപ്പെടുന്നുണ്ട്.

ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹെല്‍സെല്‍ ഗ്രൂപ്പിന്റെ സ്‌ട്രൈക്കര്‍ വി3 എ ആര്‍എഫ് എന്ന ഡ്രോണും ഗാല്‍ഗോട്ടിയാസ് സര്‍വകലാശാല പ്രദര്‍ശിപ്പിക്കുകയും ഇത് സര്‍വകലാശാലയില്‍ നിര്‍മ്മിച്ചതാണെന്ന് അവകാശപ്പെടുകയും ചെയ്തു. ഇത് കൂടാതെ അന്താരാഷ്ട്ര ഉച്ചകോടിയില്‍ സ്‌കൂള്‍ ശാസ്ത്രമേളകളിലേതിന് സമാനമായി തെര്‍മോകോളില്‍ നിര്‍മ്മിച്ച ഡ്രോണ്‍ പ്രദര്‍ശിപ്പിച്ചതും ഉച്ചകോടിയ്‌ക്കെതിരെ വ്യാപക വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരാന്‍ കാരണമായി.

Content Highlights: Chinese robots showcased at AI summit; Rahul Gandhi says summit was just a PR spectacle

To advertise here,contact us