ഹൈദരാബാദ്: തെലങ്കാന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോൺഗ്രസ്. 116 മുൻസിപ്പാലിറ്റികളിലായി 2582 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പില്‍ 1347ലും കോൺഗ്രസ് വിജയിച്ചു. ഭാരതീയ രാഷ്ട്രസമിതി 714 വാർഡുകളിൽ വിജയിച്ചപ്പോൾ ബിജെപി 261 വാർഡുകളിലാണ് ജയിച്ചത്. ബാക്കി വരുന്ന 256 വാർഡുകളിൽ സ്വതന്ത്രരും മറ്റ് പാർട്ടികളുമാണ് വിജയിച്ചത്. നിയമസഭയിൽ അധികാരത്തിൽ തിരികെ എത്തിയ ശേഷം കോൺഗ്രസ് മുൻസിപ്പൽ തെരഞ്ഞെടുപ്പിലൂടെ അവരുടെ ശക്തി വീണ്ടും തെളിയിച്ചിരിക്കുകയാണ്.
വോട്ടെണ്ണലിൽ 116 മുൻസിപ്പാലിറ്റികളിൽ 83ലും, മുൻസിപ്പൽ കോർപ്പറേഷനുകളിൽ ഏഴിൽ അഞ്ചിലും മുന്നിട്ടു നിന്നത് കോൺഗ്രസാണ്. ഫെബ്രുവരി 11നായിരുന്നു വോട്ടെടുപ്പ്. അതേസമയം കരീംനഗർ, നിസാമാബാദ് മുൻസിപ്പൽ കോർപ്പറേഷനുകളില്‍ ബിജെപി വലിയ ഒറ്റകക്ഷിയായി. ബിആർഎസിനെ നിഷ്പ്രഭമാക്കിയാണ് ബിജെപിയുടെ നേട്ടം. സത്യപ്രതിജ്ഞ നടക്കുന്ന അന്ന് തന്നെ ചെയർപേഴ്സണെയും മേയറെയും തെരഞ്ഞെടുക്കും.
സംസ്ഥാനത്ത് ആദ്യമായി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ വനിത വിജയിച്ചു. നാൽഗോണ്ട ജില്ലയിലെ ചിത്യാല മുൻസിപ്പാലിറ്റിയിലെ ഒന്നാം വാർഡില്‍ മത്സരിച്ച നാഗില്ല സുധാകറാണ് ചരിത്രം കുറിച്ചത്. നൂറ് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായ നാഗില്ലയുടെ വിജയം. 429 വോട്ടുകളാണ് ഇവർ നേടിയത്. അതേസമയം സിപിഐഎം സ്ഥാനാർത്ഥി 327വോട്ടും ബിആർഎസ് 198വോട്ടും നേടി. ഇവിടെ ബിജെപിക്ക് നേടാനായത് വെറും 45വോട്ടാണ്.
ത്രികോണ മത്സരം നടന്ന തെരഞ്ഞെടുപ്പിൽ കിങ്മേക്കർമാരായത് സ്വതന്ത്രരാണ്. ഒരു പാർട്ടിയും വ്യക്തമായ ഭൂരിപക്ഷം നേരിടാത്ത ഇടങ്ങളിൽ ചെയർപേഴ്സണിനെയും മേയറെയും തീരുമാനിക്കുന്നത് ഇവരുടെ നിലപാടിനെയും ആശ്രയിച്ചിരിക്കും. 181ഓളം സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചിരിക്കുന്നത്. 123 മുൻസിപ്പാലിറ്റികളിൽ 30 ഇടങ്ങളിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ഇവിടങ്ങളില്‍ ചർച്ചകളും പുരോഗമിക്കുകയാണ്. വിജയിച്ചവരെ വിലയ്ക്കെടുക്കാനുള്ള സാധ്യത മുന്നിൽകണ്ട് കൗൺസിലർമാരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർ സത്യപ്രതിജ്ഞ നടക്കുന്ന പതിനാറാം തീയതി മാത്രമേ മടങ്ങിയെത്തുകയുള്ളു എന്നാണ് വിവരം. പ്രമുഖ പാർട്ടികൾ ചെറു പാർട്ടികളുടെയും സ്വതന്ത്രന്മാരുടെയും പിന്നാലെ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള ശ്രമങ്ങളുമായി സജീവമാണ്.
2020ൽ 569 സീറ്റുകൾ നേടിയ സ്ഥാനത്താണ് അഞ്ച് വർഷം പിന്നിടുമ്പോൾ 1537 എന്ന വൻ വിജയം കോൺഗ്രസ് സ്വന്തമാക്കിയിരിക്കുന്നത്. ഡിസംബറിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷമാണ് കോൺഗ്രസ് നേടിയത്. അതേസമയം തെരഞ്ഞടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മുൻസിപ്പൽ ഇലക്ഷനിൽ അധികാര ദുർവിനിയോഗമാണ് നടന്നതെന്നും ഊതിപ്പെരുപ്പിച്ച വിജയമാണിതെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ എൻ രാമചന്ദ്ര റാവു പ്രതികരിച്ചത്.
Content Highlights:Congress got landmark victory in Telegana Muncipal elections, BJP faces big lose