ന്യൂഡൽഹി: ബംഗാളിലെ എസ്ഐആർ നടപടികൾക്കെതിരേ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീംകോടതിയിൽ നേരിട്ട് എത്തി. കോടതി നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് തന്നെ മമത ബാനർജി സുപ്രീംകോടതിയിൽ എത്തിയിരുന്നു. രാവിലെ 10.10 ന് ആണ് മമത സുപ്രീംകോടതിയിൽ എത്തിയത്. നാലര പതിറ്റാണ്ടിന് ശേഷമാണ് അഭിഭാഷകയായി മമത ബാനർജി കോടതിമുറിയിൽ പ്രവേശിക്കുന്നത്. 2003-ലാണ് ഇതിന് മുൻപ് മമത അഭിഭാഷകയായി കോടതി മുറിയിൽ വാദം ഉന്നയിച്ചിട്ടുളളത്. കൊൽക്കത്ത ഹൈക്കോടതിയിൽ ആയിരുന്നു മമത വാദിച്ചതെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്. ജോഗേഷ് ചന്ദ്ര ലോ കോളേജിൽ നിന്നായിരുന്നു മമത നിയമപഠനം പൂർത്തിയാക്കിയത്.
സുപ്രീംകോടതിയിൽ വക്കീൽ വേഷത്തിലല്ല മമതയെത്തിയത്. എപ്പോഴുത്തേയും പോലെ കോട്ടൺ സാരി, കഴുത്തിൽ ഒരു കറുത്ത ഷോളും ധരിച്ചാണ് മമത വന്നത്. ചീഫ് ജസ്റ്റിസ് കോടതിയിലെ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ മമത ഒന്നാം നമ്പർ കോടതി മുറിയിൽ എത്തി അവസാന നിരയിൽ ഇരുന്നു. ബംഗാളിലെ എസ്ഐആർ കേസ് പരിഗണിച്ചപ്പോൾ മമത മുൻ നിരയിലേക്ക് മാറി. ഹർജി വാദത്തിന് എടുത്തപ്പോൾ ആദ്യ പത്ത് മിനുട്ടോളം മൗനം പാലിച്ച മമത പിന്നീട് തനിക്ക് വാദിക്കാൻ പത്ത് മിനിറ്റ് സമയം വേണമെന്ന് ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് മമതയുടെ ആവശ്യം അംഗീകരിച്ചു.
പാർട്ടിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് താൻ വാദിക്കുന്നതെന്ന് പറഞ്ഞ് മമത വാദം തുടങ്ങി. വോട്ടർമാരുടെ പ്രയാസങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു മമതയുടെ വാദം. എസ്ഐആറിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനമാണ് മമത ബാനർജി ഉന്നയിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് മമത ബാനർജി കോടതിയിൽ പറഞ്ഞു. ബംഗാൾ സർക്കാരിന്റെ രേഖകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുന്നില്ലെന്ന് മമത വാദിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെയാണ് നിരീക്ഷകരായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നില്ലെന്നും മമത വാദിച്ചു. വാതിലിനപ്പുറത്ത് മോചനം തേടി നീതി കരയുന്നുവെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും മമത പറഞ്ഞു. തൃണമൂൽ കോൺഗ്രസിന് വേണ്ടിയല്ല തന്റെ ഹർജി. ആധാർ കാർഡ് രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞതാണ്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അത് അംഗീകരിക്കുന്നില്ല. ബംഗാളിനെ തെരഞ്ഞെടുപ്പ് കമ്മിഷൻ ലക്ഷ്യംവെയ്ക്കുകയാണ്. ഇതിന് കാരണം തെരഞ്ഞെടുപ്പാണെന്നും മമത വാദിച്ചു.
ബംഗാളിൽ നടക്കുന്ന എസ്ഐആർ എന്തുകൊണ്ടാണ് അസമിൽ ഇല്ലാത്തതെന്ന് മമത ബാനർജി ചോദിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ ഒരിടത്തും ഇല്ലാത്ത നടപടികളാണ് എസ്ഐആറിന്റെ പേരിൽ ബംഗാളിൽ നടക്കുന്നതെന്നും മമത പറഞ്ഞു. ഇരുപത്തു മിനിറ്റോളമാണ് മമത എസ്ഐആറിനെതിരെ വാദിച്ചത്. വാദിക്കാൻ അനുവദിച്ചതിന് ചീഫ് ജസ്റ്റിസിന് ഉൾപ്പടെ നന്ദി പറഞ്ഞ ശേഷമാണ് മമത കോടതി മുറി വിട്ടുപോയത്.Content Highlights: Mamata Banerjee has approached the Supreme Court to attack the central government against the SIR measures in Bengal