നികുതിവിഹിതം കൂടുതൽ UPക്ക്,കേരളത്തിന് നേരിയ വർധന;പൊതുമേഖല സ്ഥാപനങ്ങളെ ബാധിക്കുന്ന ശിപാർശയുമായി ധനകാര്യ കമ്മീഷൻ

സൗജന്യ പദ്ധതികള്‍ക്കായി കടമെടുക്കരുതെന്നും ധനകാര്യ കമ്മീഷന്‍

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ നിന്ന് കേരളത്തിനുള്ള നികുതി വിഹിതം വർധിപ്പിച്ചു. 1.925 ശതമാനത്തില്‍ നിന്ന് നികുതി വിഹിതം 2.382 ആയി വര്‍ധിപ്പിച്ചു. ഉത്തര്‍പ്രദേശിനാണ് ഏറ്റവും കൂടുതല്‍ നികുതി വിഹിതം. 17.619 ശതമാനമാണ് ഉത്തര്‍പ്രദേശിനുള്ള നികുതി വിഹിതം. ഇന്ന് കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിനൊപ്പം സമര്‍പ്പിച്ച പതിനാറാം ധനകാര്യ കമ്മീഷനിലാണ് നികുതി വിഹിതം വര്‍ധിച്ച കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങളുടെ നികുതി വിഹിതം 41 ശതമാനമായി നിലനിര്‍ത്താനുള്ള റവന്യൂ ഗ്രാന്‍ഡ് നിര്‍ത്തലാക്കാനും ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇത് കേരളത്തിന് വന്‍ തിരിച്ചടിയാകുകയാണ്. ധനകമ്മി മൂന്ന് ശതമാനത്തിന് താഴെ നിര്‍ത്തണമെന്നും സൗജന്യ പദ്ധതികള്‍ക്കായി കടമെടുക്കരുതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.

സംസ്ഥാനങ്ങള്‍ അനാവശ്യമായി കടമെടുക്കരുതെന്നും ധനകാര്യ കമ്മീഷന്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ നികുതി, ഡ്യൂട്ടി എന്നിവയിലൂടെ സമാഹരിക്കുന്ന പണത്തിന്റെ ഒരു പങ്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതാണ് നികുതി വിഹിതം. അതേസമയം കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഞ്ഞടിച്ചു. കേന്ദ്ര സര്‍ക്കാരിന് കേരളത്തോടുള്ള കടുത്ത അവഗണനയും വിവേചനവുമാണ് ബജറ്റിലൂടെ വെളിവാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ട് എന്ന വസ്തുത ധനമന്ത്രി ബോധപൂര്‍വ്വം വിസ്മരിച്ചിരിക്കുകയാണെന്നും ഈ അവഗണനയ്ക്ക് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മറുപടി പറയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'വികസനത്തിനായുള്ള പ്രത്യേക പാക്കേജുകള്‍ എല്ലാം പൂര്‍ണ്ണമായും തഴയപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഗ്രാന്റുകളുടെ കാര്യത്തില്‍ മൊത്തത്തില്‍ വലിയ വെട്ടിക്കുറവുണ്ടായി. 2021-ല്‍ 2.2 ലക്ഷം കോടി രൂപയായിരുന്ന ഗ്രാന്റ് ഇപ്പോള്‍ 1.4 ലക്ഷം കോടി രൂപയായി കുറഞ്ഞു. കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെയും അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. ബിജെപി സര്‍ക്കാരിന്റെ വക്താവ് എന്ന രീതിയില്‍ ഒരു ബഹുമാന്യ വ്യക്തി അതിവേഗ റെയില്‍ സമ്മതിച്ചിരിക്കുന്നുവെന്ന് കേരളത്തോട് വിളിച്ച് പറയുന്ന സ്ഥിതിയുണ്ടായി. എന്തോ വരാന്‍ പോകുന്നുവെന്ന തോന്നല്‍ ആളുകള്‍ക്കുണ്ടായി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് കേരളത്തോടുള്ള മനോഭാവത്തിന് ഒരു മാറ്റവുമില്ലെന്ന് തന്നെയാണ് ഇന്ന് അവതരിപ്പിച്ച ബജറ്റ് വ്യക്തമാക്കുന്നത്', മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Union Budget 2026 Tax share from the Centre to Kerala has increased

To advertise here,contact us