കൊല്ക്കത്ത: പശ്ചിമബംഗാളില് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്ഗ്രസ് ഒറ്റയ്ക്ക് നേരിട്ടേക്കും. ഇടതുപാര്ട്ടികളുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ഇതുവരെ ചര്ച്ചകളൊന്നും നടന്നിട്ടില്ലെന്നും മറ്റ് സാധ്യതകള് പരിശോധിച്ചുവരികയാണെന്നും പാര്ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള് അറിയിച്ചു. പതിറ്റാണ്ടുകളായി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നതിനാല് പശ്ചിമ ബംഗാളില് പാര്ട്ടി ദുര്ബലമായെന്നും ഈ തെരഞ്ഞെടുപ്പില് ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് നേതാക്കളുടെയും പ്രവര്ത്തകരുടെയും ആഗ്രഹമെന്നും റിപ്പോര്ട്ടുണ്ട്.
തൃണമൂല് കോണ്ഗ്രസും ബിജെപിയും ഇതിനകം സംസ്ഥാനത്ത് പ്രചാരണ പരിപാടികള് ആരംഭിച്ചുകഴിഞ്ഞു. എന്നാല് കോണ്ഗ്രസിന്റെ നിലപാട് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില് കോണ്ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പാര്ട്ടിയുമായി അടുത്ത വൃത്തങ്ങള് അറിയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില് ഇടതുപക്ഷ- കോണ്ഗ്രസ്- ഇന്ത്യന് സെക്യുലര് ഫ്രണ്ട് സഖ്യം വളരെ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്.
സഖ്യത്തില് പാര്ട്ടിക്ക് വളരാന് കഴിയില്ലെന്നും ദീര്ഘകാലമായി മത്സരിക്കാത്ത മേഖലകളില് കോണ്ഗ്രസ് തകരുമെന്നും ബംഗാളിലെ ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കള് കരുതുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്തുടനീളം പാര്ട്ടി അടിത്തറ കെട്ടിപ്പടുക്കാന് ഉപയോഗിക്കണമെന്നാണ് നേതാക്കളുടെ പക്ഷം. ബികെ ഹരിപ്രസാദാണ് പശ്ചിമബംഗാളിലെ സ്ക്രീനിംഗ് കമ്മിറ്റി ചെയര്പേഴ്സണ്. ബംഗാളിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള് സംബന്ധിച്ച് അന്തിമ തീരുമാനം കോണ്ഗ്രസ് നേതൃത്വം അടുത്ത ദിവസങ്ങളിൽ തന്നെ എടുക്കുമെന്നാണ് വിവരം.
Content Highlights: Weakening in many places; Congress may contest West Bengal assembly elections alone