ബെംഗളൂരുവില്‍ ഇനി മെട്രോ യാത്രയ്ക്ക് ചെലവേറും: ടിക്കറ്റ് നിരക്കില്‍ വർധന; പുതുക്കിയ നിരക്ക് ഫെബ്രുവരി മുതല്‍

ബെംഗളൂരു മെട്രോ ടിക്കറ്റ് നിരക്ക് 5% വര്‍ദ്ധപ്പിക്കുമെന്ന് നമ്മ മെട്രോ ഫെയേഴ്സ്

ബെംഗളൂരു: ബെംഗളൂരു മെട്രോ ടിക്കറ്റ് നിരക്ക് 5% വര്‍ദ്ധപ്പിക്കുമെന്ന് നമ്മ മെട്രോ ഫെയേഴ്സ് . ഇതോടെ ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് തിരിച്ചടിയാകും. പുതിയ ടിക്കറ്റ് നിരക്ക് ഫെബ്രുവരി മുതല്‍ ഇടാക്കാനാണ് നീക്കം. ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്‌സി)യുടെ ശുപാർശയെത്തുടർന്നാണ് ഫെബ്രുവരി മുതൽ നമ്മ മെട്രോ നിരക്കുകൾ വര്‍ധിപ്പിക്കുന്നത്. ടിക്കറ്റിൻ്റെ വില വർധിക്കുന്നതോടെ നമ്മ മെട്രോ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ മെട്രോയായി മാറും.

ഇടയ്ക്കിടെയുള്ള നിരക്ക് വർദ്ധന ദൈനദിന യാത്രക്കാരെ പ്രതിസന്ധിയിലാക്കുമെന്ന് വിമര്‍ശനമുണ്ട്. മെട്രോ യാത്ര ശരാശരി പൗരന് താങ്ങാനാവില്ലെന്നും നിരവധി യാത്രക്കാർ പ്രതികരിച്ചു. 2025 ഫെബ്രുവരിയിൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ടിക്കറ്റ് നിരക്ക് വര്‍ദ്ധപ്പിച്ചിരുന്നു. ഇപ്പോൾ ഒരു വർഷത്തിന് ശേഷമാണ് വീണ്ടു ടിക്കറ്റ് നിരക്കിലുള്ള മാറ്റം. ഇതോടെ വില71 ശതമാനം വരെ വർദ്ധിച്ചു എന്നാണ് വിലയിരുത്തൽ.

അതേസമയം, യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിമാനത്താവള മെട്രോ ലൈൻ 2027-ന്റെ അവസാനത്തോടെ പ്രവർത്തനക്ഷമമാക്കാനുള്ള ലക്ഷ്യം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിമാനത്താവള മെട്രോ പദ്ധതി പൂർത്തിയാകുമ്പോഴേക്കും ബെംഗളൂരുവിന്റെ മെട്രോ നെറ്റ്‌വർക്ക് ആകെ 175 കിലോമീറ്റർ വരെ വ്യാപിക്കും. ഇത് നഗരത്തിന്റെ മെട്രോ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വികസനവുമായിരിക്കും.

ബാംഗ്ലൂർ ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ് (BCIC) യും ടെറി (TERI) യും സംയുക്തമായി സംഘടിപ്പിച്ച 'Sustainability in Action: Bengaluru’s Urban Challenge' എന്ന പാനൽ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്ന ബിഎംആർസിഎല്‍ സിവിൽ അഡ്വൈസർ അഭൈ കുമാർ റായ് ആണ് ആളുകള്‍ ഏറെ നാളായി കാത്തിരിക്കുന്ന പ്രഖ്യാപനം നടത്തിയത്. ആകെ 58.19 കിലോമീറ്റർ നീളമാണ് വിമാനത്താവള മെട്രോയ്ക്കുള്ളത്.

രണ്ട് ഘട്ടമായിട്ടാണ് വിമാനത്താവളത്തിലേക്കുള്ള മെട്രോയുടെ നിർമ്മാണം. ഫേസ് 2A (സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കെആർ പുരം വരെ 19.75 കി.മീ) 2026 ഡിസംബറോടെ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. ഫേസ് 2B (കെആർ പുരം മുതൽ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് വരെ 38.44 കി.മീ) 2027 അവസാനത്തോടെ പൂർത്തിയാകും.

Content Highlights: Bengaluru Metro has announced a 5 percent increase in ticket fares

To advertise here,contact us