ന്യൂഡൽഹി: സ്വർണ്ണവില കുതിച്ചുയരുന്നതിനൊപ്പം രാജ്യത്തെ സ്വർണ്ണക്കടത്ത് കേസുകളുടെ എണ്ണത്തിലും വലിയ തോതില് വർധനയുണ്ടാകുന്നു. കസ്റ്റംസും റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റും (ഡിആർഐ) സ്വർണക്കടത്ത് തടയാന് കാലങ്ങളായി ശക്തമായ നടപടികള് സ്വീകരിക്കുന്നുണ്ടെങ്കിലും തട്ടിപ്പുകാർ പുതിയ തന്ത്രങ്ങൾ പ്രയോഗിച്ച് ഇത് മറികടക്കാന് ശ്രമിക്കുന്നു. അടുത്തിടെയായി സ്വർണം കുഴമ്പ് രൂപത്തില് (gold paste) കടത്തുന്ന സംഭവങ്ങള് വ്യാപകമായിട്ടുണ്ടെന്നും റിപ്പോർട്ടുകള് ചൂണ്ടിക്കാട്ടുന്നു.
കുഴമ്പ് രൂപത്തിലുള്ള സ്വർണ്ണം പരിശോധനയില് കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടാണെന്നതാണ് കള്ളക്കടത്തുകാർ ഈ രീതി തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണം. വിമാന ജീവനക്കാർ അടക്കം കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമാകുകയും ചെയ്യുന്നുണ്ട്. അടുത്തിടെ ദുബായിൽ നിന്ന് ചെന്നൈയിലെ അണ്ണാ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എമിറേറ്റ്സ് വിമാനത്തിലെ ഒരു ക്രൂ അംഗത്തെയാണ് ചെന്നൈ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് (എഐയു) സ്വർണക്കടത്തിന് പിടികൂടിയത്.
പരിശോധനയിൽ ക്രൂ അംഗത്തിന്റെ നെഞ്ചിലും അരയിലും വെൽക്രോ ബാൻഡുകൾ ധരിച്ചിരുന്നത് കണ്ടെത്തി. ഈ ബാൻഡുകളിൽ വെളുത്ത കടലാസിൽ പൊതിഞ്ഞ പത്ത് പാക്കറ്റുകളിലായിട്ടായിരുന്നു സ്വർണ്ണപ്പേസ്റ്റ് സൂക്ഷിച്ച് വെച്ചിരുന്നത്. ഏകദേശം 9.46 കിലോഗ്രാം 24-കാരറ്റ് സ്വർണ്ണമാണ് ഇതില് നിന്നും വേർതിരിച്ചെടുത്തത്. അതായത് നിലവിലെ മൂല്യം ഏതാണ്ട് 11.4 കോടി രൂപ.
പ്രത്യേക വിവരം ഇല്ലാതെ സ്വർണം പേസ്റ്റ് ആക്കി കടത്തുന്നത് കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണെന്നാണ് ഇന്റലിജൻസ് ബ്യൂറോയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. നൂതനമായ ബോഡി സ്കാനറുകൾക്ക് പോലും ഈ രൂപത്തിലുള്ള കടത്ത് കണ്ടെത്താൻ പലപ്പോഴും കഴിയുന്നില്ല, അതിനാല് തന്നെ കടത്തുകാർക്ക് ഈ രീതി ഏറ്റവും എളുപ്പമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആളുകളെ നിരന്തരം നിരീക്ഷിച്ചും രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പലപ്പോഴും ഈ രീതിയിലുള്ള കടത്ത് പിടികൂടുന്നത്.
ഗൾഫ് രാജ്യങ്ങളായ യുഎഇ, സിംഗപ്പൂർ തുടങ്ങിയ സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് സ്വർണ്ണം പ്രധാനമായും ഇന്ത്യയിലേക്ക് കടത്തുന്നത്. ബംഗ്ലാദേശ്, മ്യാൻമാർ, നേപ്പാൾ വഴിയും സ്വർണം ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. ഇന്ത്യയിലെത്തുമ്പോഴുള്ള വിലയിലെ വ്യത്യാസാണ് സ്വർണക്കടത്തിന്റെ പ്രധാന കാരണം. നികുതി നിരക്കില് വ്യത്യാസം ഉണ്ടെങ്കിലും വില ഉയർന്നതോടെ ലഭിക്കുന്ന ലാഭ ശതമാനം വളരെ ഉയർന്നതാണ്.
ഒരു കിലോഗ്രാം സ്വർണ്ണം കടത്തുന്നതിലൂടെ ഡ്യൂട്ടിയും നികുതിയും ഒഴിവാക്കി 15 ലക്ഷം വരെ ലാഭം നേടാമെന്നാണ് റിപ്പോർട്ട്. ശുദ്ധമായ സ്വർണം വാങ്ങി മറ്റ് ചില വസ്തുക്കള്ക്കൊപ്പം ചേർത്ത് ഉരുക്കിയാണ് പേസ്റ്റ് രൂപത്തിലേക്ക് മാറ്റുന്നത്. നാട്ടിലേക്ക് എത്തിച്ച ശേഷം പേസ്റ്റ് പൊടി രൂപത്തിലാക്കി രാസലായനികൾ ഉപയോഗിച്ച് കഴുകി സ്വർണ്ണം വേർതിരിക്കുന്നു. മണിക്കൂറുകളോളം നീണ്ട പ്രക്രിയയാണ് ഇത്.
സ്വർണ്ണപ്പേസ്റ്റ് കണ്ടെത്താൻ വലിയ ബുദ്ധിമുട്ടായതിനാല് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരുടെ പെരുമാറ്റരീതികളിലെ അസ്വാഭാവികത നിരീക്ഷിച്ചാണ് പലപ്പോഴും പരിശോധന നടത്തുന്നത്. കഴിഞ്ഞ ജൂലൈയിൽ, സൂറത്ത് വിമാനത്താവളത്തിലെ സിഐഎസ്എഫ് വിജിലൻസ് ടീം 28 കിലോഗ്രാം സ്വർണ്ണപ്പേസ്റ്റ് കടത്താണ് പിടികൂടിയത്. ദുബായിൽ നിന്നും വന്ന പുരുഷനും സ്ത്രീയും സംശയാസ്പദമായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിജിലൻസ് ടീം പരിശോധന നടത്തുകയായിരുന്നു.
സമീപകാലത്ത് ചെന്നൈ, സൂറത്ത്, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിൽ നിന്നായി വൻതോതിലുള്ള സ്വർണ്ണപ്പേസ്റ്റാണ് പിടിച്ചെടുത്തിട്ടുള്ളത്. സ്വർണ്ണവിലയിലെ വർധനയും ആവശ്യകതയും തുടരുന്നിടത്തോളം സ്വർണ്ണക്കടത്തുകാർ പുതിയ തന്ത്രങ്ങൾ കണ്ടെത്താന് ശ്രമിക്കും. ഈ സാഹചര്യത്തില് സ്വർണ്ണക്കടത്ത് പ്രതിരോധിക്കാൻ കൂടുതൽ നൂതന സാങ്കേതികവിദ്യകളും ഇന്റലിജൻസ് സംവിധാനങ്ങളും വികസിപ്പിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
content Highlights: As gold prices rise, incidents of gold smuggling have also increased. Smugglers are increasingly using paste form to conceal gold, as it is easier to hide and harder to detect during inspections