'അവർക്ക് ജാമ്യം ലഭിച്ചല്ലോ, സന്തോഷം'; ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ പ്രതികരിച്ച് ഉമർ ഖാലിദ്

ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു

ന്യൂ ഡൽഹി: ഡൽഹി കലാപത്തിലെ ഗൂഢാലോചന കേസിൽ ജാമ്യം നിഷേധക്കപ്പെട്ടതിന് പിന്നാലെ പ്രതികരിച്ച് ഉമർ ഖാലിദ്. ഈ തടവറയാണ് തന്റെ ജീവിതം എന്നും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പേർക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷം എന്നുമാണ് ഉമർ ഖാലിദ് പ്രതികരിച്ചത്. പങ്കാളി ബൻജ്യോസ്‌ന ലാഹിരിയാണ് ഉമർ ഖാലിദിന്റെ പ്രതികരണം എക്‌സിലൂടെ പങ്കുവെച്ചത്.

സുപ്രീംകോടതിയാണ് ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചത്. ഇരുവര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീംകോടതി ജാമ്യം നിഷേധിച്ചത്. ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും എതിരായ കുറ്റം വ്യത്യസ്തമാണന്നും കോടതി പറഞ്ഞു. ഓരോ പ്രതികളുടെയും വാദം പ്രത്യേകമായി പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ വിധി. സുപ്രീം കോടതി ജഡ്ജിമാരായ അരവിന്ദ് കുമാര്‍, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

"I am really happy for the others, who got bail! So relieved", Umar said. "I'll come tomorrow for Mulaqat", I replied."Good good, aa jana. Ab yahi zindagi hai".#UmarKhalid

ഡല്‍ഹി ഹൈക്കോടതി വിധിന്യായം അംഗീകരിച്ചായിരുന്നു സുപ്രീംകോടതിയുടെ വിധി. അഞ്ച് വര്‍ഷമായി വിചാരണയില്ലെന്നത് ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തിലൂടെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞു. കുറ്റകൃത്യത്തെ സംബന്ധിച്ച് വിശദ പരിശോധന നടത്തേണ്ടത് വിചാരണക്കോടതിയാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം മറ്റ് അഞ്ച് പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഗുല്‍ഷിഫ ഫാത്തിമ, മീരാന്‍ ഹൈദര്‍, അഥര്‍ഖാന്‍, അബ്ദുല്‍ ഖാലിദ് സെഫി, മുഹമ്മദ് സലിം ഖാന്‍ , ഷിഫാ ഉര്‍ റഹ്‌മാന്‍ ,ശതാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം ഇല്ലാതാക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥ പാലിച്ചില്ലെങ്കില്‍ വിചാരണക്കോടതിക്ക് ഇടപെടാമെന്നും ജാമ്യം റദ്ദാക്കാന്‍ തീരുമാനം എടുക്കാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ദേശീയ സുരക്ഷയുടെ വിഷയമാണെന്നും വിചാരണയിലെ കാലതാമസം ഒഴിവാക്കണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

Content Highlights: Umar Khalid reacted to the Supreme Court’s decision denying him bail in the Delhi riots case. He expressed disappointment and commented on the fact that others had been granted bail

To advertise here,contact us