ന്യൂ ഡൽഹി: മുതിർന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങിന്റെ ആർഎസ്എസ് സ്തുതിയിൽ മൗനം തുടർന്ന് കോൺഗ്രസ്. ദിഗ്വിജയ് സിങ് നടത്തിയ പരാമർശത്തോട് പ്രതികരിച്ച് പ്രശ്നം രൂക്ഷമാക്കേണ്ട എന്ന് കരുതിയാണ് പാർട്ടി മൗനം പാലിക്കുന്നത്. ഇത് സംബന്ധിച്ച് നേതാക്കൾക്ക് നിർദേശം നൽകി. രാജ്യസഭാ കാലാവധി അവസാനിക്കാറായതും മധ്യപ്രദേശ് പുനഃസംഘടനയിലെ അത്യപ്തിയുമാണ് ദിഗ്വിജയ് സിങിന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്ന് സൂചന.
ഡിസംബർ 27നാണ് ദിഗ്വിജയ് സിങ് ആർഎസ്എസിന്റെ സംഘടനാ പാടവത്തെ പുകഴ്ത്തി രംഗത്ത് വന്നത്. എല് കെ അധ്വാനിക്ക് സമീപമായി, നിലത്തിരിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെച്ചായിരുന്നു സിങിന്റെ പോസ്റ്റ്. ഒരിക്കല് നിലത്തിരുന്നിരുന്ന, താഴെത്തട്ടിലുള്ള പ്രവര്ത്തകന് എങ്ങനെ വളര്ന്ന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമാകാന് കഴിയുമെന്നതിന്റെ ഉദാഹരണമാണ് ആർഎസ്എസ് എന്നും അതാണ് സംഘടനയുടെ ശക്തി എന്നുമായിരുന്നു ദിഗ്വിജയ് സിങ് പറഞ്ഞത്.
ദിഗ്വിജയ് സിങിന്റെ ഈ സ്തുതി ഏറ്റുപിടിച്ച് ബിജെപി കോൺഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. ഏകാധിപതികളും ജനാധിപത്യവിരുദ്ധരുമായ കോൺഗ്രസ് നേതൃത്വത്തെ തുറന്നുകാട്ടുന്നതാണ് സിങിന്റെ ഈ പ്രതികരണം എന്നായിരുന്നു ബിജെപി വക്താവ് സി ആർ കേശവന്റെ പ്രതികരണം. സിങിന്റെ ഈ പ്രസ്താവനയോട് പ്രതികരിക്കാൻ രാഹുൽ ധൈര്യം കാണിക്കുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. ബിജെപി മോദിയെപ്പോലുള്ളവരെ അംഗീകരിക്കുമെന്നും കോൺഗ്രസ് നെഹ്റു കുടുംബത്തിനാണ് ഊന്നൽ നൽകുന്നത് എന്നുമാണ് ബിജെപി നേതാവ് സുധാംശു ത്രിവേദി പ്രതികരിച്ചത്. മോദി താഴെനിന്ന് ഉയർന്നുവന്ന് പാർട്ടിയെ മുകളിലേക്ക് കൊണ്ടുപോകുമ്പോൾ കോൺഗ്രസ് നേതൃത്വം മുകളിൽ നിന്ന് പാർട്ടിയെ താഴേക്ക് കൊണ്ടുപോകുന്നു എന്നും ത്രിവേദി വിമർശിച്ചിരുന്നു.
ചിത്രം വിവാദമായതോടെ വിശദീകരണവുമായി ദിഗ് വിജയ് സിങ് രംഗത്തെത്തിയിരുന്നു. താന് ആര്എസ്എസ് സംഘടന സംവിധാനത്തെയാണ് പുകഴ്ത്തിയത് എന്നും ബിജെപിയെയും ആര്എസ്എസിനെയും എതിര്ക്കുന്നത് തുടരുമെന്നായിരുന്നു വിശദീകരണം. ഗുജറാത്ത് രാഷ്ട്രീയത്തില് മോദിയുടെ ഉയര്ച്ചയെ രേഖപ്പെടുത്തുന്നതായിരുന്നു ദിഗ്വിജയ് സിങ് പങ്കുവെച്ച ചിത്രം. 1996ല് മുന് ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്സിങ് വഗേലയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ എടുത്ത ചിത്രമാണ് ഇത്.
Content Highlights: congress silent on digvijay singh rss praise, bjp attacks rahul