സ്ത്രീകളുടെ വസ്ത്രധാരണം; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ ശിവാജി

നടന്‍ ശനിയാഴ്ച സംസ്ഥാന വനിതാ കമ്മീഷനുമുന്നില്‍ ഹാജറായി

ഹൈദ്രാബാദ്: സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തെലുങ്ക് നടന്‍ ശിവാജി സോന്തിനേനി .നടന്‍ ശനിയാഴ്ച തെലങ്കാന സംസ്ഥാന വനിതാ കമ്മീഷനുമുന്നില്‍ ഹാജറായി. കമ്മീഷന്‍ അധ്യക്ഷ നെരല്ല ശാരദയുടെ നേതൃത്വത്തില്‍ നാല് മണിക്കൂറിലധികം നീണ്ട വിചാരണക്ക് ശേഷം താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് നീരുപാധികം ക്ഷമ ചോദിക്കുന്നതായും നടന്‍ അറിയിച്ചു.

'ദണ്ടോറ' എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടെ, നടത്തിയ നടന്റെ പ്രസ്താവനയാണ് വിവാദമായത്. 'ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് എല്ലാ നായികമാരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ദയവായി സാരിയോ അല്ലെങ്കില്‍ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങള്‍ തുറന്നുകാണിക്കുന്നതിലല്ല.''- എന്നായിരുന്നു നടന്റെ പരാമര്‍ശം .

വിചാരണക്കിടെ കമ്മീഷന്‍ അധ്യക്ഷ ശിവാജിയുടെ പരാമര്‍ശത്തെ ശക്തമായി ചോദ്യം ചെയ്യ്തു. ഒരാളുടെ വസ്ത്രധാരണത്തെ എങ്ങനെ സുരക്ഷയുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നും പരമ്പരാഗത രീതിയില്‍ വസ്ത്രം ധരിക്കുന്നവര്‍ പോലും പീഡിപ്പിക്കപ്പെടുന്നുണ്ടന്നുംവ്യക്തിസ്വാതന്ത്ര്യവും അന്തസ്സും മൗലികാവകാശങ്ങളായ ഒരു സമൂഹത്തില്‍ സദാചാര പൊലീസിങിന് സ്ഥാനമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

സുരക്ഷ ഉറപ്പാക്കേണ്ടത് ഇവന്റ് ഓര്‍ഗനൈസര്‍മാരുടെയും നിര്‍മ്മാതാക്കളുടെയും ചുമതലയാണെന്നും അതിന്റെ ഉത്തരവാദിത്വം സ്ത്രീകളുടെ വസ്ത്രധാരണത്തിന്മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും കമ്മീഷന്‍ പറഞ്ഞു.'കാസ്റ്റിംഗ് കൗച്ച്' പോലുള്ള ഗൗരവകരമായ പ്രശ്‌നങ്ങളില്‍ ഇതേ രീതിയില്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് കമ്മീഷന്‍ നടനോട് ചോദിച്ചു. ഇനി മേലില്‍ സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

കമ്മീഷന്‍ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ ശിവാജി ഇനി മേലില്‍ ഇത്തരം 'ഉപദേശങ്ങളുമായി' പൊതുവേദിയില്‍ വരില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight : Actor Sivaji apologizes for controversial remark on women's clothing

To advertise here,contact us