ഇലക്ടറല്‍ ബോണ്ട് നിരോധനം BJPക്ക് ഏറ്റില്ല; സംഭാവനയായി കിട്ടിയത് 6073 കോടി രൂപ: കോണ്‍ഗ്രസിന് 300 കോടി തികയില്ല

ആകെ സംഭാവനയുടെ 80 ശതമാനവും ബിജെപിക്ക് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഈ വര്‍ഷം ലഭിച്ചത് 299 കോടി രൂപയാണ്

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയതിന് ശേഷവും ബിജെപിക്ക് ലഭിച്ച സംഭാവനയില്‍ വന്‍ വര്‍ധന. 2024 ഫെബ്രുവരിയില്‍ സുപ്രീം കോടതി ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയതിന് ശേഷം ഈ വര്‍ഷം സംഭാവനകള്‍ വര്‍ധിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച ബിജെപി സമര്‍പ്പിച്ച 2024-2025 വര്‍ഷത്തെ സംഭാവന റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം മാത്രം 6,073 കോടി രൂപയാണ് പാര്‍ട്ടി കൈപ്പറ്റിയത്. 2023-24 വര്‍ഷത്തേക്കാള്‍ 53ശതമാനത്തിന്റെ വര്‍ധനയാണ് സംഭാവനയിലുണ്ടായത്. 2023-24ല്‍ 3,967 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. ഇതില്‍ 42 ശതമാനവും ഇലക്ടറല്‍ ബോണ്ട് വഴിയായിരുന്നു ബിജെപിക്ക് ലഭിച്ചത്.

റിപ്പോര്‍ട്ട് പ്രകാരം 3,112 കോടി രൂപ ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴിയാണ് ബിജെപിക്ക് ലഭിച്ചത്. വിവിധ സ്രോതസുകള്‍ പ്രകാരം ഇലക്ടറല്‍ ട്രസ്റ്റുകള്‍ സമാഹരിച്ചത് 3811 കോടി രൂപയാണ്. ഇതില്‍ നിന്നാണ് 3112 കോടി രൂപ ബിജെപിക്ക് മാത്രം ലഭിച്ചത്. മറ്റ് വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നുമാണ് ബാക്കിയുള്ള 2,961 കോടി രൂപ ലഭിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് (100 കോടി രൂപ), റുങ്ത സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് (95 കോടി രൂപ), വേദാന്ത ലിമിറ്റഡ് (67 കോടി രൂപ), മാക്രോടെക് ഡവലപ്പേര്‍സ് ലിമിറ്റഡ് (65 കോടി രൂപ), ഡിറൈവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് (53 കോടി രൂപ), മോഡേണ്‍ റോഡ് മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (52 കോടി രൂപ), ലോടസ് ഹോംടെക്‌സ്‌റ്റൈല്‍സ് ലിമിറ്റഡ് (51 കോടി രൂപ) എന്നിങ്ങനെയാണ് ബിജെപിക്ക് സംഭാവന നല്‍കിയ കമ്പനികള്‍.

സഫാല്‍ ഗോയല്‍ റിയാലിറ്റി എല്‍എല്‍പി, ഐടിസി ലിമിറ്റഡ്, ഗ്ലോബല്‍ ഇവി വെന്റേര്‍സ് എല്‍എല്‍പി, ഐടിസി ഇന്‍ഫോടെക് ഇന്ത്യാ ലിമിറ്റഡ്, ഹീറോ എന്റര്‍പ്രൈസസ് പാര്‍ട്ണര്‍ വെഞ്ച്വേഴ്‌സ്, മാന്‍കൈന്‍ഡ് ഫാര്‍മ ലിമിറ്റഡ്, സുരേഷ് അമൃത്‌ലാല്‍ കൊടക്, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് തുടങ്ങിയ വന്‍കിട കമ്പനികളും ബിജെപിക്ക് സംഭാവന നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചതും ഇക്കാലയളവിലാണ്.

20,000 രൂപ മുതല്‍ സംഭാവന നല്‍കിയ എല്ലാ വ്യക്തികളുടെയും വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ചെക്ക്, ഡിഡി, ബാങ്ക് പണമിടപാട് വഴി കമ്പനികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം സംഭാവന ചെയ്യാം. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കുന്ന വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലും സംഭാവന റിപ്പോര്‍ട്ടിലും ഈ കണക്കുകള്‍ വ്യക്തമാക്കേണ്ടതുണ്ട്.

2017-2018 വര്‍ഷമാണ് സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ ധാതാക്കളുടെ വിവരങ്ങള്‍ രഹസ്യമായി വെക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് കണ്ടെത്തി സുപ്രീം കോടതി പദ്ധതി റദ്ദാക്കുകയായിരുന്നു. പദ്ധതിയുണ്ടായപ്പോള്‍ 16,000 കോടി രൂപയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. ഇതില്‍ ഭൂരിഭാഗവും ബിജെപിക്കായിരുന്നു ലഭിച്ചത്.

ഇലക്ടറല്‍ ബോണ്ടിന് പകരം ട്രസ്റ്റുകളിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച പണം മൂന്നിരട്ടി വര്‍ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആകെ സംഭാവനയുടെ 80 ശതമാനവും ബിജെപിക്ക് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഈ വര്‍ഷം ലഭിച്ചത് 299 കോടി രൂപയാണ് (എട്ട് ശതമാനം). മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം കൂടി 400 കോടിയും ലഭിച്ചു.

Content Highlights: BJP get 50 percentage increase in donation after Electoral Bond

To advertise here,contact us