റാഞ്ചി: ആശുപത്രി അധികൃതര് ആംബുലന്സ് വിട്ടുനല്കാന് തയ്യാറാകാത്തതോടെ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി വീട്ടിലെത്തിച്ച് ആദിവാസി കുടുംബം. ജാര്ഖണ്ഡിലെ ബല്ജോരിയിലാണ് സംഭവം. ബല്ജോരി സ്വദേശിയായ ഡിംബ ചതോബയുടെ നാല് മാസം പ്രായമുള്ള കുഞ്ഞായിരുന്നു മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം വീട്ടിലെത്തിക്കാന് ആംബുലന്സ് നല്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര് അതിന് തയ്യാറായില്ല. ഇതോടെയാണ് കുടുംബം പ്ലാസ്റ്റിക് ബാഗില് കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോയത്.
ചൈബാസയിലെ സദര് ആശുപത്രിക്കെതിരെയാണ് കുടുംബത്തിന്റെ ആരോപണം. ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് വ്യാഴാഴ്ചയായിരുന്നു കുഞ്ഞിനെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ആരോഗ്യനില മോശമാകുകയും കുഞ്ഞ് മരിക്കുകയുമായിരുന്നു. ഡിംബയുടെ കൈയില് ആകെ നൂറ് രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുഞ്ഞിന്റെ മൃതദേഹം വീട്ടിലെത്തിക്കാന് കുടുംബം ആശുപത്രി അധികൃതരോട് സഹായം തേടി. ആംബുന്സ് നല്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല് ആശുപത്രി അധികൃതര് അതിന് തയ്യാറായില്ല.
മറ്റ് വഴികളില്ലാതിരുന്ന ഡിംബയും കുടുംബവും കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി കൊണ്ടുപോകാന് തീരുമാനിച്ചു. ഇതിനായി ആശുപത്രിക്ക് സമീപത്തുള്ള ഒരു കടയില് നിന്ന് 20 രൂപ നല്കി പ്ലാസ്റ്റിക് ബാഗ് വാങ്ങി. അതില് കുഞ്ഞിന്റെ മൃതദേഹം കിടത്തി. ബാക്കിയുണ്ടായിരുന്ന പണം കൊണ്ട് കുടുംബം ചൈബാസയില് നിന്ന് ബല്ജോരിയിലേക്കുള്ള ബസില് കയറി. ബസ് ഇറങ്ങിയ ശേഷം വീട്ടിലേയ്ക്ക് ഏറെ ദൂരം പോകാനുണ്ടായിരുന്നു. റിക്ഷ വിളിക്കാനുള്ള കാശില്ലാതിരുന്നതിനാല് മൃതദേഹവുമായി കുടുംബം വീട്ടിലേയ്ക്ക് നടക്കുകയാണ് ചെയ്തത്.
അതേസമയം സംഭവത്തില് വീഴ്ചയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ആംബുലന്സ് ക്രമീകരിക്കാനുള്ള ശ്രമം നടത്തിയെന്നും ആശുപത്രി അധികൃതര് പറയുന്നു. കുറച്ച് സമയം കാത്തിരിക്കാന് കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല് അവര് കുഞ്ഞിന്റെ മൃതദേഹവുമായി പോകുകയായിരുന്നുവെന്നും ആശുപത്രി അധികൃതര് പറഞ്ഞു. സംഭവത്തില് അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി ഇര്ഫാന് അന്സാരി പറഞ്ഞു.