ബെംഗളൂരു: കര്ണാടകയില് ഭിന്നശേഷിക്കാരനായ വിദ്യാര്ത്ഥിക്ക് നേരെ കണ്ണില്ലാത്ത ക്രൂരത. വിദ്യാര്ത്ഥിയെ ബെല്റ്റുകൊണ്ട് തുടരെ തല്ലുകയും കണ്ണില് മുളകുപൊടി വിതറുകയും ചെയ്തു. വടക്കന് കര്ണാടകയിലെ ബഗന്കോട്ടിലുള്ള നവഗര് മേഖലയില് ഭിന്നശേഷിക്കാരായ കുട്ടികള്ക്ക് വേണ്ടി പ്രവര്ത്തിക്കുന്ന സ്കൂളിലാണ് സംഭവം നടന്നത്. മറ്റ് കുട്ടികളുടെ മുന്നില്വെച്ചായിരുന്നു കുട്ടിക്ക് നേരെയുള്ള അതിക്രമം. കുട്ടിയോടുള്ള ക്രൂരതയുള്ള ദൃശ്യങ്ങള് പുറത്തുവന്നു.
ദിവ്യജ്യോതി എന്ന സ്കൂളിലാണ് സംഭവം നടന്നിരിക്കുന്നത്. പതിനാറുകാരനാണ് ക്രൂരമായ മര്ദനമേറ്റത്. അക്ഷയ് ഇന്ദുല്ക്കര്, ഇയാളുടെ ഭാര്യ ആനന്ദി എന്നിവര്ക്കെതിരെയാണ് ആരോപണം. കുട്ടിയെ ബെല്റ്റിനടിച്ച് താഴെയിടുകയും തുടരെ മര്ദിക്കുകയുമാണ് ചെയ്യുന്നത്. പ്ലാസ്റ്റിക്കിൻ്റെ പൈപ്പ് ഉപയോഗിച്ചും ഇയാൾ കുട്ടിയെ തല്ലി. കുട്ടി വേദനകൊണ്ട് കരയുമ്പോള് അക്ഷയ് മര്ദനം തുടരുകയാണ്. ഈ സമയം ആനന്ദി കുട്ടിയുടെ കണ്ണിലേയ്ക്ക് മുളകുപൊടി വിതറി. വീഡിയോയില് ഒരാള് ചിരിക്കുന്നത് കേള്ക്കാം. ഇയാളാണ് വീഡിയോ പകര്ത്തിയത്. സ്ഥാപനത്തിലെ മുന് ജീവനക്കാരനാണ് വീഡിയോ പുറത്തുവിട്ടതെന്നാണ് വിവരം. വീഡിയോ പുറത്തുവന്നതോടെ സ്കൂളിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്ന്നത്.
കുട്ടിയുടെ മാതാപിതാക്കള് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് കേസ് രജിസ്റ്റര് ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തില് അക്ഷയ്യേയും ഭാര്യ ആനന്ദിയേയും മറ്റ് രണ്ട് പേരെയും പൊലീസ് കസ്റ്റഡിയില് എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Content Highlights- A Differently abled student brutally attacked in school in Karnataka