'സവാളയ്ക്ക് ഒരു വിലയും ലഭിക്കുന്നില്ല'; അന്ത്യയാത്രയും ശവമടക്കും; പ്രതിഷേധവുമായി കര്‍ഷകര്‍

ഗ്രാമത്തിലെ ശ്മശാനത്തില്‍ സവാളയ്ക്കായ് പ്രതീകാത്മക അന്ത്യകര്‍മങ്ങളും നടത്തി

മന്ദ്സൗര്‍: സവാളയ്ക്ക് ശവസംസ്‌കാരം നടത്തി മധ്യപ്രദേശിലെ കര്‍ഷര്‍. വിപണി വില ഇടിഞ്ഞതോടെ അടിസ്ഥാന ഉല്‍പാദനച്ചെലവും ഗതാഗതച്ചെലവും പോലും തിരിച്ചുപിടിക്കാന്‍ കഴിയാതെ വന്നതോടെയാണ് മന്ദ്സൗര്‍ ജില്ലയിലെ ധംനാര്‍ ഗ്രാമത്തിലെ കര്‍ഷകര്‍ സവാളയ്ക്കായി ശവസംസ്‌കാരം നടത്തിയത്. ഗ്രാമത്തിലെ ശ്മശാനത്തില്‍ സവാളയ്ക്കായ് പ്രതീകാത്മക അന്ത്യകര്‍മങ്ങളും നടത്തി. ശവപ്പെട്ടിയുള്‍പ്പെടെ ഒരുക്കിയിരുന്നു.

കിലോഗ്രാമിന് ഒരുരൂപ മുതല്‍ 10 രൂപ വരെ മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് രാജ്യത്തെ ഏറ്റവും വലിയ ഉള്ളി ഉത്പാദിപ്പിക്കുന്ന മേഖലകളിലൊന്നായ മാല്‍വ-നിമാര്‍ ബെല്‍റ്റിലെ കര്‍ഷകര്‍ പറയുന്നു.

ന്യായമായ വില ലഭിക്കാത്തതിനാലാണ് ഇങ്ങനെ നടത്തിയതെന്നും സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍ എന്തുചെയ്യാന്‍ കഴിയുമെന്നും കര്‍ഷകനായ ബദ്രി ലാല്‍ ധാക്കഡ് ചോദിച്ചു. നമ്മുടെ ചെലവുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തുചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

'സവാള ഞങ്ങള്‍ക്ക് കുട്ടികളെപ്പോലെയാണ്, ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം. അമിതമായ മഴ കാരണം രണ്ടാം വിള നശിച്ചു. അതിനാല്‍ ഞങ്ങള്‍ അവയുടെ അന്ത്യകര്‍മങ്ങള്‍ നടത്തി. ഞങ്ങളുടെ ചെലവുകള്‍ പോലും വഹിക്കാനുള്ള വില സര്‍ക്കാര്‍ നല്‍കുന്നില്ല', മറ്റൊരു കര്‍ഷകനായ ദേവി ലാല്‍ വിശ്വകര്‍മ വിവരിച്ചു.

ദീര്‍ഘകാലമായി സവാളയുടെ മേല്‍ 25 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യൻ ഉള്ളിക്കും സവാളയ്ക്കും വിദേശത്തുള്ള ആവശ്യം കുറച്ചുവെന്ന് കർഷകർ പറയുന്നു. അതിനാല്‍ കയറ്റുമതി കുത്തനെ ഇടിഞ്ഞു. രാജ്യത്ത് സ്റ്റോക്ക് കുന്നുകൂടി. കർഷകർക്ക് ലഭ്യമാകുന്ന വില ഇടിഞ്ഞു. 'ശവസംസ്‌കാര ഘോഷയാത്ര' ഒരു തുടക്കം മാത്രമാണെന്ന് മന്ദ്സൗറിലെ കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. കയറ്റുമതി തീരുവ ഉടന്‍ എടുത്തുകളയുകയും ന്യായമായ വില ഉറപ്പാക്കുകയും ചെയ്തില്ലെങ്കില്‍ മേഖലയിലുടനീളം പ്രക്ഷോഭം ശക്തമാക്കുമെന്നും അവര്‍ പറഞ്ഞു.

Content Highlights:Madhya Pradesh Farmers Hold Funeral For Onions As Prices Crash

To advertise here,contact us