വിവാഹത്തിന് ദിവസങ്ങൾ മാത്രം; ഗുവാഹത്തിയിൽ യുവ വനിതാ മാധ്യമപ്രവര്‍ത്തക ജീവനൊടുക്കിയ നിലയിൽ

അസമിലെ ഗുവാഹത്തിയിലാണ് സംഭവം

ഗുവാഹത്തി: യുവ വനിതാ മാധ്യമപ്രവര്‍ത്തകയെ ഓഫീസിനുള്ളില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. പ്രാദേശിക വാര്‍ത്താചാനലിലെ അവതാരകയായ ഋതുമോണി റോയിയെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ വീട്ടില്‍ നടന്ന വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങില്‍ ഋതുമോണി പങ്കെടുത്തിരുന്നു. അവിടെ നിന്ന് രാത്രി ഓഫീസില്‍ മടങ്ങിയെത്തിയ യുവതി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ജോലിക്ക് എത്തിയ ഋതുമോണി രാത്രി ഷിഫ്റ്റ് കഴിഞ്ഞെങ്കിലും വീട്ടിലേക്ക് മടങ്ങിയില്ലെന്നും പൊലീസ് പറയുന്നു. ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാകാമെന്നും യുവതിയുടെ കുടുംബം വ്യക്തമാക്കി.

രാവിലെ ജോലിക്കെത്തിയ സഹപ്രവര്‍ത്തകരാണ് യുവതിയുടെ മൃതദേഹം ആദ്യം കണ്ടത്. ഡിസംബര്‍ അഞ്ചാംതീയതി വിവാഹം നടക്കാനിരിക്കെയാണ് ഋതുമോണി ജീവനൊടുക്കിയത്. വിവാഹത്തിന്റെ ക്ഷണകത്തുകള്‍ ആളുകള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഋതുമോണിയുടെ ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇത് എല്ലാവരുടെയും നന്മയ്ക്ക് വേണ്ടിയാണ്. ക്ഷമിക്കണം എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight : Woman News Anchor Found Dead Inside Her Guwahati Office Weeks Before Wedding

To advertise here,contact us