നെഞ്ചിലും വയറ്റിലും അടിച്ചു, കഴുത്തിൽ മുറിവേറ്റു; ഡൽഹി പൊലീസ് മർദ്ദിച്ചതായി മലിനീകരണത്തിനെതിരെ പ്രതിഷേധിച്ചവർ

വനിതാ പ്രതിഷേധക്കാരെ പുരുഷ പൊലീസുകാര്‍ പിടികൂടിയതായും പ്രതിഷേധക്കാര്‍ ഡല്‍ഹി കോടതിയില്‍ വ്യക്തമാക്കി

ന്യൂഡല്‍ഹി: പൊലീസ് കസ്റ്റഡിയില്‍വെച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി ഡല്‍ഹിയിലെ മലിനീകരണത്തിനെതിരെ പ്രതിഷേധിച്ചതില്‍ അറസ്റ്റിലായവര്‍. വനിതാ പ്രതിഷേധക്കാരെ പുരുഷ പൊലീസുകാര്‍ പിടികൂടിയതായും പ്രതിഷേധക്കാര്‍ ഡല്‍ഹി കോടതിയില്‍ വ്യക്തമാക്കി. രഹസ്യമായിട്ടായിരുന്നു പ്രതിഷേധക്കാര്‍ കോടതിയില്‍ സംസാരിച്ചത്. ജില്ലാ ഡിസിപി ദാവേഷ് മഹ്ലല കോടതിയിലുണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.

തങ്ങളുടെ കൈയിൽ പരിക്കേറ്റതിന്റെ പാടുകളും പ്രതിഷേധക്കാര്‍ കോടതിയില്‍ കാണിച്ചുകൊടുത്തു. തങ്ങളെ ഒരു ബൂത്തിലേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് പൊതിരെ തല്ലിയെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. ചിലരെ പൊലീസ് നെഞ്ചിലും പുറത്തും വയറ്റിലും ഇടിച്ചു. കഴുത്തിനേറ്റ പരിക്കിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒരു പ്രതിഷേധക്കാരന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പഴയ മുറിവാണിതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ഇന്ത്യാ ഗേറ്റിന് മുന്നില്‍ ഡല്‍ഹിയിലെ വായു മലിനീകരണത്തിനെതിരെ പ്രതിഷേധം നടത്തിയത്. ഇതിനിടയില്‍ പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ട നക്‌സല്‍ കമാന്‍ഡര്‍ മദ്‌വി ഹിദ്മയെ പ്രശംസിച്ചുള്ള പോസ്റ്റര്‍ ഉയര്‍ത്തിയിരുന്നു. പിന്നാലെ 22 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

പാട്യാല ഹൗസിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അറസറ്റിലായവരെ ഹാജരാക്കിയത്. വാദത്തിനിടെ പ്രതിഷേധക്കാര്‍ പെപ്പർ സ്പ്രേ അടിച്ചെന്നും നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്തിയില്ലെന്നും ഡല്‍ഹി പൊലീസ് കോടതിയില്‍ അറിയിച്ചു. പ്രതിഷേധക്കാര്‍ പൂര്‍ണമായും തയ്യാറായാണ് വന്നതെന്നും മലിനീകരണത്തിനെതിരായ പ്രതിഷേധമായിട്ടും നക്‌സലൈറ്റുകളെ പിന്തുണക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. നിലവില്‍ രണ്ട് എഫ്‌ഐആറാണ് പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയത്. പ്രതിഷേധക്കാരെ മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിട്ടു.

Content Highlights: arrested for protesting against Delhi pollution allege brutal beating in police custody

To advertise here,contact us