പാട്ന: ബിഹാറില് ഏഴ് നേതാക്കളെ പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കി കോണ്ഗ്രസ്. ആറ് വര്ഷത്തേക്കാണ് ബിഹാര് പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി (ബിപിസിസി) നേതാക്കളെ പുറത്താക്കിയത്. പാര്ട്ടി വിരുദ്ധ പ്രവര്ത്തനങ്ങള്, ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പിലെ അച്ചടക്കമില്ലായ്മ എന്നിവ മുന്നിര്ത്തിയാണ് പാര്ട്ടി നടപടി. ബിപിസിസി അച്ചടക്ക കമ്മിറ്റിയുടെ ചെയര്മാന് കപില്ഡിയോ പ്രസാദ് യാദവ് ആണ് നടപടി അറിയിച്ചത്.
ആദിത്യ പസ്വാന്, കോണ്ഗ്രസ് സേവാ ദളിന്റെ മുന് വൈസ് പ്രസിഡന്റ് ഷകീലുര് റഹ്മാന്, ബിപിസിസി മുന് വൈസ് പ്രസിഡന്റ് രാജ് കുമാര് ശര്മ, കിസാന് കോണ്ഗ്രസിന്റെ മുന് പ്രസിഡന്റ് രാജ് കുമാര് രാജന്, യൂത്ത് കോണ്ഗ്രസ് മുന് പ്രസിഡന്റ് കുന്ദന് ഗുപ്ത, പിന്നാക്ക വിഭാഗ വകുപ്പിന്റെ മുന് അധ്യക്ഷ കാഞ്ചന കുമാരി, ബാങ്ക ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാവി ഗോള്ഡന് എന്നിവരെയാണ് പുറത്താക്കിയത്.
ഈ നേതാക്കള് പാര്ട്ടിയുടെ പ്രത്യയശാസ്ത്രത്തില് നിന്നും വ്യതിചലിച്ചെന്നും സംഘടനാ മര്യാദ ലംഘിച്ചെന്നും പാര്ട്ടിക്ക് പുറത്തുള്ള വേദികളില് തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള് പറഞ്ഞെന്നും പത്രക്കുറിപ്പില് ചൂണ്ടിക്കാട്ടുന്നു. നേതാക്കള് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പാര്ട്ടിയെ വിമര്ശിച്ചെന്നും അത് പാര്ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെന്നും പത്രിക്കുറിപ്പില് സൂചിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിരീക്ഷണത്തില് സുതാര്യമായാണ് സ്ഥാനാര്ത്ഥികളെ നിശ്ചയിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
ബിഹാര് തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെയാണ് കോണ്ഗ്രസിന്റെ നടപടി. എന്നാല് പാര്ട്ടി നടപടിക്കെതിരെ പാര്ട്ടിക്കുള്ളില് തന്നെ വിമര്ശനം ഉയര്ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തത്തില് നിന്ന് മുതിര്ന്ന നേതാക്കളെ സംരക്ഷിക്കാനുള്ള ബലിയാടാക്കല് തന്ത്രമാണിതെന്നാണ് പ്രധാന വിമര്ശനം. തെരഞ്ഞെടുപ്പിന് മുമ്പ് ദുര്ബലരായ സ്ഥാനാര്ത്ഥികളെ കുറിച്ചും സഖ്യത്തിനുള്ളിലെ ഐക്യക്കുറവിനെ കുറിച്ചും മുന്നറിയിപ്പ് തന്ന ആത്മാര്ത്ഥതയുള്ള നേതാക്കളെയാണ് പുറത്താക്കിയതെന്ന് പാര്ട്ടി പ്രവര്ത്തകര് പറയുന്നു.
Content Highlights: 7 leaders expelled from Congress in Bihar