യുഎസ് വിസയ്ക്കായുള്ള അപേക്ഷ തള്ളി; ഹൈദരാബാദിൽ വനിതാ ഡോക്ടര്‍ ജീവനൊടുക്കി

കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി രോഹിണി പത്മറാവു നഗറില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു

ഹൈദരാബാദ്: യുഎസ് വിസ തള്ളിയതില്‍ മനംനൊന്ത് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കെ രോഹിണി(35)യാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച പത്മറാവു നഗറിലെ വസതിയിലായിരുന്നു സംഭവം.

ഒമ്പത് വര്‍ഷം മുമ്പ് റഷ്യയില്‍ നിന്നാണ് രോഹിണി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. യുഎസില്‍ മെഡിക്കല്‍ പ്രാക്ടീസ് ചെയ്യണമെന്ന് രോഹിണി വളരെക്കാലമായി ആഗ്രഹിച്ചിരുന്നുവെന്ന് ചില്‍ക്കല്‍ഗുഡ എസ്‌ഐ ജെ രാകേഷ് പറഞ്ഞു. യോഗ്യതാ പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ ഏകദേശം എട്ട് വര്‍ഷത്തോളം ചെലവഴിച്ചു. നല്ല മാര്‍ക്കു നേടിയിരുന്നു. പിന്നീട് വിദേശത്തേക്ക് പോകാന്‍ അവസരം ലഭിച്ചു. എന്നാല്‍ രണ്ട് മാസം മുമ്പ് അവരുടെ വിസ നിരസിക്കപ്പെട്ടു. ഇത് രോഹിണിയെ മാനസിക ബുദ്ധിമുട്ടിലാക്കിയെന്ന് പൊലീസ് പറഞ്ഞു.

ഏതാണ്ട് അതേസമയത്തുതന്നെ ഒരു വിവാഹാലോചനയും പരാജയപ്പെട്ടു. ഇത് അവരുടെ മാനസികാഘാതം കൂട്ടി. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി രോഹിണി പത്മറാവു നഗറില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച രാവിലെ കാവല്‍ക്കാരന്‍ വാതിലില്‍ മുട്ടിയപ്പോള്‍ അവര്‍ പ്രതികരിച്ചില്ല. തുടര്‍ന്ന് ഗുണ്ടൂരിലെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറക്കുമ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കഗുളികകള്‍ അമിതമായി കഴിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)Content Highlights: 35-year-old doctor dies herself in Hyderabad after US visa rejection

To advertise here,contact us