നിതീഷിന് സത്യപ്രതിജ്ഞ; പ്രശാന്ത് കിഷോറിന് മൗന വ്രതം; പാപപരിഹാരമെന്ന് വിശദീകരണം

ബിഹാറിനെ മികച്ചതാക്കുമെന്ന തന്റെ തീരുമാനം നടപ്പാക്കുന്നത് വരെ പിന്നോട്ടില്ലെന്നും പ്രശാന്ത് കിഷോര്‍

പാട്‌ന: ബിഹാറില്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത ഇന്ന് മൗനവ്രതം ആചരിച്ച് ജന്‍ സുരാജ് സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍. ഭിതര്‍വ ഗാന്ധി ആശ്രമത്തിലാണ് മൗനവ്രതം ആചരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ന് മുഴുവന്‍ മൗനവ്രതം ആചരിക്കുമെന്ന് പ്രശാന്ത് അറിയിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ ചെയ്ത പ്രവര്‍ത്തിയുടെ ഇരട്ടി തന്റെ മുഴുവന്‍ ഊര്‍ജവും എടുത്ത് ഇനി ചെയ്യുമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. പിന്മാറുന്ന പ്രശ്‌നമില്ലെന്നും ബിഹാറിനെ മികച്ചതാക്കുമെന്ന തന്റെ തീരുമാനം നടപ്പാക്കുന്നത് വരെ പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എന്തുകൊണ്ട് പുതിയൊരു സംവിധാനം കൊണ്ടുവരണമെന്നും എന്തിന് വോട്ട് ചെയ്യണമെന്നും ബിഹാറിലെ ജനങ്ങളോട് വിശദീകരിക്കുന്നതില്‍ നിന്നും ഞാന്‍ പരാജയപ്പെട്ടു. അതിന്റെ പാപപരിഹാരമായി ഞാന്‍ മൗനം ആചരിക്കും. ഞങ്ങള്‍ തെറ്റുകള്‍ ചെയ്‌തേക്കാം. പക്ഷേ ഞങ്ങള്‍ ഒരു കുറ്റവും ചെയ്തില്ല', എന്നായിരുന്നു പ്രശാന്ത് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ പി നദ്ദ, ചന്ദ്രബാബു നായിഡു അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് നിതീഷ് സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ആര്‍ജെഡി നേതാവ് തേജസ്വി യാദവാണ് ബിഹാറിലെ പ്രതിപക്ഷ നേതാവ്. പട്നയിലെ ആര്‍ജെഡി നിയമസഭാ കക്ഷിയോഗത്തിലാണ് തേജസ്വിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്.

Content Highlights: Prasanth Kishore Holds silent introspection As Nitish Kumar Returns As Chief Minister

To advertise here,contact us