ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് രാജ്യത്തിന് കൂടുതൽ അപകടമുണ്ടാക്കും; ഡൽഹി കലാപകേസിൽ പൊലീസ്

സർക്കാർ സേവനത്തിൽ പഠിച്ച് ഉയർന്ന വിദ്യാഭ്യാസം നേടുന്നവരും ആക്ടീവിസ്റ്റ് ആകുന്നവരും ആയുധമെടുക്കുമ്പോള്‍ ഭീകരരെക്കാൾ അപകടകാരികളാകുന്നുവെന്ന് ഡൽഹി പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ സുപ്രീം കോടതിയില്‍ രൂക്ഷ പരാമര്‍ശവുമായി ഡല്‍ഹി പൊലീസ്. സര്‍ക്കാര്‍ സേവനത്തില്‍ പഠിച്ച് ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നവരും ആക്ടീവിസ്റ്റ് ആകുന്നവരും ആയുധമെടുക്കുമ്പോള്‍ ഭീകരരെക്കാള്‍ അപകടകാരികളാകുന്നുവെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഡല്‍ഹി കലാപം കേന്ദ്ര ഭരണ മാറ്റം ലക്ഷ്യം വച്ചായിരുന്നുവെന്ന് വാദിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ചെങ്കോട്ട സ്‌ഫോടനവും പരാമര്‍ശിച്ചിരുന്നു. ബുദ്ധിജീവികള്‍ തീവ്രവാദികളാകുന്നത് കൂടുതല്‍ അപകടകരമെന്നായിരുന്നു എസ് വി രാജുവിന്റെ പരാമര്‍ശം.

വിദ്യാഭ്യാസമില്ലാത്ത ഭീകരരെക്കാള്‍ രാജ്യത്തിന് ദോഷം ചെയ്യുക ഉന്നത വിദ്യാഭ്യാസം നേടിയവരാണെന്നും ഇവര്‍ ബുദ്ധിജീവികളാണ് എന്ന പരാമര്‍ശവും ജാമ്യാപേക്ഷയില്‍ ഉണ്ടായിരുന്നുവെന്ന് എസ് വി രാജു പറഞ്ഞു. രാജ്യത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രക്ഷോഭങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ ഭരണകൂടത്തെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ നടന്നതായിരുന്നു എന്നും ഇത് രാജ്യത്തെ സാമ്പത്തികമായി ബാധിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്റെ ഏഴാം ദിവസത്തെ വാദത്തിലാണ് പ്രതികളായ ഉമര്‍ ഖാലിദ്, ഷെര്‍ജില്‍ ഇമാം എന്നിവര്‍ക്കെതിരെ രൂക്ഷ പരാമര്‍ശം നടത്തിയത്. 'ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് കലാപം ആസൂത്രണം ചെയ്തത്. രാജ്യത്ത് സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുക, ഭരണം അട്ടിമറിക്കുക എന്നതായിരുന്നു കലാപകാരികളുടെ ലക്ഷ്യം', എന്നും എസ് വി രാജ കൂട്ടിച്ചേര്‍ത്തു.

2020ലാണ് 50 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 700ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹി കലാപമുണ്ടായത്. കലാപത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം തുടങ്ങിയ ആക്ടീവിസ്റ്റുകളെ പൊലീസ് ജയിലില്‍ അടച്ചത്. യുഎപിഎ ചുമത്തപ്പെട്ട ഇവരുടെ ജാമ്യാപേക്ഷ നിരവധി തവണ സുപ്രീം കോടതി നിരസിച്ചതാണ്.

Content Highlight; Delhi riots case: Police make strong remarks during the bail plea hearing

To advertise here,contact us